Saturday, May 18, 2024
spot_img

പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല; പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലെ രണ്ടു പ്രധാന പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി എസ് സി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്‌ ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. പ്രതികള്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും അത്തരമൊരു പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പി എസ് സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തെറ്റാണ്. പ്രതികളായിട്ടുള്ളവര്‍ക്കോ മറ്റൊരു അപേക്ഷകര്‍ക്കോ പി എസ് സി പരീക്ഷാ സംവിധാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല. പി എസ് സി സംവിധാനത്തില്‍ അട്ടിമറി നടത്തിയെന്നത് ശരിയല്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ എം കെ സക്കീര്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കില്ല. പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവരഞ്ജിത്ത് എന്നയാളുടെ രജിസ്റ്റര്‍ നമ്പര്‍ 555683ആണ്. അദ്ദേഹം അപേക്ഷിച്ച ജില്ലാ തിരുവനന്തപുരമാണ്. ഗവ. യുപി സ്‌കൂള്‍ വഞ്ചിയൂരിലാണ് ഇദ്ദേഹം പരീക്ഷ എഴുതിയത്. ആ സെന്ററില്‍ ആരോപിക്കപ്പെടുന്ന മാറ്റുരണ്ടുപേരും പരീക്ഷ എഴുതിയിട്ടില്ല. 552871 ആണ് രണ്ടാം റാങ്കുകാരനായ പ്രണവ് പി പിയുടെ നമ്പര്‍. അദ്ദേഹത്തിന്റെ സെന്റര്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലാണ്. മൂന്നാമത്തെ വ്യക്തി നസീം 28 റാങ്കുകാരന്‍ 529103 നമ്പറില്‍ പരീക്ഷ എഴുതിയത് ഗവ കോളേജ് ഓഫ് ടീച്ചേര്‍സ് എഡ്യൂക്കേഷന്‍ തൈക്കാടാണ്.

പരീക്ഷയ്ക്കായി ആരോപിതര്‍ പഠിക്കുന്ന കോളജില്‍ അവര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കിയെന്ന പ്രചാരണം തെറ്റാണ്. കാസര്‍കോട് നാലാം ബെറ്റാലിയനില്‍ തിരുവന്തപുരത്തുകാര്‍ക്കും കൊല്ലത്തുകാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുമ്ബോള്‍ ജില്ലാതല ഓപ്ഷന്‍സ് കൊടുക്കാന്‍ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമുണ്ട്. അതുപ്രകാരം തിരുവനന്തപുരം ജില്ലക്കാര്‍ നാലാം ബെറ്റാലിയനില്‍ പരീക്ഷ എഴുതുന്നവരില്‍ 2989 പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഓപ്ഷന്‍ കൊടുത്തത്. ആരോപിക്കപ്പെട്ട മൂന്നു വ്യക്തികളും അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയാണ്. ജില്ലയില്‍ നാല് സെന്ററുകള്‍ ഉള്ളത് യൂണിവേഴ്‌സിറ്റി കോളേജിലാണ്. അപേക്ഷിച്ചശേഷം ഒരാള്‍ക്കും അതിനകത്ത് ക്രമക്കേട് നടത്താന്‍ കഴിയില്ല.

സെന്റര്‍ അനുവദിക്കുന്ന കാര്യത്തിലോ മറ്റൊരു കാര്യത്തിലോ തെറ്റായ ഇടപെടല്‍ നടന്നിട്ടില്ല. അതിനു സാധിക്കുകയുമില്ല. എല്ലാം സെന്ററിലും പരമാവധി ജീവനക്കാര്‍ ഡ്യൂട്ടിക്ക് പോകുന്നുണ്ട്. മൊബൈല്‍പോലും അകത്ത് അനുവദിക്കുന്നില്ല. അടുത്തിരിക്കുന്നവരുടെ ചോദ്യപേപ്പര്‍ പോലും പലതായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരു ക്രമക്കേടും സാധിക്കില്ലെന്നും പി എസ് സി ചെയര്‍മാന്‍ അഡ്വ. എം.കെ സകീര്‍ പറഞ്ഞു.

Related Articles

Latest Articles