Friday, May 3, 2024
spot_img

വെറുതെയുള്ള ആരോപണങ്ങൾ വേണ്ട ! തെളിവുകളുണ്ടെങ്കിൽ പങ്കിടൂ .. ! കാനഡയെ വെല്ലുവിളിച്ച് ഭാരതം

ദില്ലി : ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ തള്ളി ഭാരതം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഉന്നയിക്കുന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ അവ പങ്കിടാനും ഭാരതം ആവശ്യപ്പെട്ടു. ഭാരതം 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഖാലിസ്ഥാൻ നേതാവാണ് നിജ്ജാർ. നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ ബുധനാഴ്ച ദില്ലിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കാനഡയെയും അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ അറിയിക്കാനാണു യോഗത്തിൽ തീരുമാനിച്ചതെന്നാണു റിപ്പോർട്ട്.

അതെ സമയം നിജ്ജാറിന്റെ കൊലപാതകത്തിൽ അന്വേഷണം കഴിയുന്നതിനു മുന്നേ മുൻവിധി പാടില്ലെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി എറിക് ഗാർസെറ്റി വ്യക്തമാക്കിയിരുന്നു.

‘കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പണ്ടുമുതലേ അടുത്തബന്ധമുള്ള ഇരുരാജ്യങ്ങളും ഈ വിഷയത്തിൽ സഹകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭാരതത്തോടുള്ളതുപോലെ തന്നെ കരുതൽ കാനഡയോടുമുണ്ട് ‘ – എറിക് ഗാർസെറ്റി പറഞ്ഞു.

Related Articles

Latest Articles