Wednesday, May 15, 2024
spot_img

കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. എംഡി ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയില്ല. എക്സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല. ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്.

2010-13 കാലഘട്ടത്തില്‍ കെടിഡിഎഫ്സിയുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ 100 കോടി കാണാനില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന ഗുരുതര ആരോപണവും എംഡി ഉന്നയിച്ചു. ധനകാര്യപരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ.എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് എംഡി അറിയിച്ചിരുന്നത്.

അതേസമയം 2 കോടിയില്‍ കൂടുതലുള്ള ഏത് ഇടപാടിനും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അംഗീകാരം വേണമെന്നാണ് ചട്ടമെന്നിരിക്കെ, 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ ഒരുദ്യോഗസ്ഥനോട് മാത്രം വിശദീകരണം ചോദിച്ചതിലും ദുരൂഹതയുണ്ട്. മാത്രമല്ല, വിവാദ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഒരു പരാതിയും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാമ്പത്തിക ക്രമക്കേടില്‍ വിശദീകരണം നല്‍കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് 10 ദിവസം കൂടി സമയം നല്‍കുമെന്നാണ് സൂചന.

Related Articles

Latest Articles