Tuesday, May 14, 2024
spot_img

നാടകീയ രംഗങ്ങൾക്ക് അവസാനം! ഒടുവിൽ അഖിൽ – ആൽഫിയ ഒന്നിക്കുന്നു, വിവാഹം നാളെ വൈകിട്ട്

തിരുവനന്തപുരം: കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ ആൽഫിയയുടെയും അഖിലിന്റെയും വിവാഹം നാളെ നടക്കും. കായംകുളം പോലീസ് മോശമയാണ് തങ്ങളോട് പെരുമാറിയതെന്ന് അഖിലും ആൽഫിയയും പ്രതികരിച്ചു. സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ വെച്ച് വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്. തങ്ങളുടെ വിവാഹം നാളെ വൈകിട്ട് നടക്കുമെന്ന് അഖിലും ആൽഫിയയും പറഞ്ഞു.

വിവാഹത്തിന് തൊട്ടുമുൻപാണ് ക്ഷേത്ര വേദിയിൽ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ ഉണ്ടായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെ കായംകുളം സ്വദേശിയായ ആൽഫിയയെ പോലീസ് ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ടുപോയത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പോലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.

കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചപ്പോൾ ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് വ്യക്തമാക്കി. ഈ സമയത്ത് അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് പരാതി തീർപ്പാക്കി.

വെള്ളിയാഴ്ച ആൽഫിയ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയെന്നും കോവളം പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് ആൽഫിയ പറഞ്ഞുവെന്നും അഖിൽ വ്യക്തമാക്കി.

അതേസമയം, അമ്പലത്തിൽ അതിക്രമിച്ച് കയറിയ എസ് ഐക്കെതിരെയും മറ്റു പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. താലികെട്ട് ചടങ്ങു നടക്കുന്നതിനിടെ രണ്ട് ജീപ്പിലായി ഇരുപതോളം വരുന്ന പോലീസുകാർ ക്ഷേത്രത്തിലുള്ള കമ്മറ്റിക്കാരെ ആരെയും ബന്ധപ്പെടാതെ, ക്ഷേത്രത്തിനകത്ത് എസ് ഐയും മൂന്ന് പോലീസുകാരും ക്ഷേത്ര ആചാരമര്യാദകൾ പാലിക്കാതെ അതിക്രമിച്ച് കയറുകയും പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.

Related Articles

Latest Articles