Monday, May 20, 2024
spot_img

“ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ !” കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ അജീഷിന്റെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ ചോദ്യം ! ഉത്തരം പറയാൻ തപ്പി തടഞ്ഞ് മന്ത്രിമാർ

വീട് സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് വൈകാരികമായി പ്രതികരിച്ച് ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകനായ അജീഷിന്റെ മക്കൾ. കർഷകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വനംവകുപ്പ് മന്ത്രി അടക്കമുള്ളവർ കുടുംബത്തെ സന്ദർശിച്ചത്. കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മന്ത്രിമാർ ഉത്തരം പറയാൻ ബുദ്ധിമുട്ടി.

‘ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ’ എന്നായിരുന്നു അജീഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥി മാത്രമായ അലൻ ചോദിച്ചത്.ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും അലൻ മന്ത്രിമാരോടു ചോദിച്ചു.

അതേസമയം മന്ത്രിമാർ സന്ദർശനം നടത്താൻ വൈകിയതിൽ അജീഷിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പരാതികളും ഉന്നയിച്ചു.

“എന്തൊക്കെ സംഭവിച്ചാലും ഉദ്യോഗസ്ഥരെ കണി കാണാൻ കിട്ടാറില്ല. ഈ അവസ്ഥ തുടർന്നാൽ ഇനി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ജനങ്ങൾ തന്നെ കൊല്ലും. കുരങ്ങന്റെയും കാട്ടാനയുടെയും വോട്ട് വാങ്ങിയല്ലല്ലോ നിങ്ങൾ സഭയിലെത്തിയത്; മനുഷ്യരുടെ വോട്ടു വാങ്ങിയല്ലേ? ജനങ്ങളുടെ കാര്യത്തിൽ ഭരണം നടത്തുന്നവർ ഉത്തരവാദിത്തം നിറവേറ്റണം” – ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നു.

ബത്തേരിയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം ഉച്ചകഴിഞ്ഞാണ്, മരിച്ചവരുടെ വീടുകളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്. കടുവ കൊന്ന വാകേരി മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. പ്രതിഷേധ പ്രകടനങ്ങൾ കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു മന്ത്രിമാരുടെ സന്ദർശനം.

Related Articles

Latest Articles