Sunday, May 19, 2024
spot_img

അർദ്ധരാത്രിയില്‍ നിര്‍ത്താതെ ഓടുന്ന കൗമാരക്കാരന് 2.5 ലക്ഷം രൂപ നല്‍കി ഷോപ്പേഴ്‌സ് സ്റ്റോപ്പ്‌;തുക അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയും; കയ്യടിച്ച് സോഷ്യൽ മീഡിയ

ദില്ലി: അർദ്ധരാത്രിയില്‍ നോയിഡയിലെ റോഡിലൂടെ നിര്‍ത്താതെ ഓടി ജനമനസ്സുകളിൽ ഇടം നേടിയ 19-കാരൻ പ്രദീപിന് സഹായവുമായി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഘലയായ ഷോപ്പേഴ്സ് സ്റ്റോപ്. 2.5 ലക്ഷം രൂപയുടെ ചെക്കാണ് അവര്‍ പ്രദീപിനെ ഏൽപ്പിച്ചത്. പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുമാണിതെന്ന് അവർ പറഞ്ഞു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയിഡയിലെ റോഡിലൂടെ ഓടുന്ന പ്രദീപിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അന്ന് എന്തിനാണ് ഈ രാത്രി ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പ്രദീപ് നല്‍കുന്ന മറുപടി, പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നായിരുന്നു. വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഒന്നും രണ്ടും കിലോമീറ്ററല്ല, തന്റെ സ്വപ്നലക്ഷ്യസാക്ഷാത്കരണത്തിന് 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും രാത്രി ഓടുന്നത്. എന്നാൽ എന്തെങ്കിലും അത്യാവശ്യം കൊണ്ടാവും ഓടുന്നത്, ലിഫ്റ്റ് കൊടുക്കാം എന്ന് കരുതിയാണ് വിനോദ് പ്രദീപുമായി സംസാരത്തിന് തുടക്കം കുറിച്ചത്. ലിഫ്റ്റ് നല്‍കാമെന്ന വാഗ്ദാനം വീണ്ടും വീണ്ടും നിരസിക്കുകയും പ്രദീപ് ഓടിക്കൊണ്ടും വിനോദ് കാറിലിരുന്നുമുള്ള സംഭാഷണം പുരോഗമിക്കുമ്പോഴാണ് ഓട്ടത്തിനു പിന്നിലെ കാരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന മറുപടി പ്രദീപില്‍നിന്ന് ലഭിക്കുന്നത്.

അതേസമയം സെക്ടര്‍ 16-ലെ മക്‌ഡൊണാള്‍ഡ്‌സിലെ ജീവനക്കാരനാണ് പ്രദീപ്.റോഡിലൂടെ ഓടുന്നത് കണ്ടിട്ട് കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. കൂടാതെ രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിന് രാവിലെ ഭക്ഷണം പാകംചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്നായിരുന്നു പ്രദീപിന്റെ മറുപടി.മാത്രമല്ല അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് പ്രദീപിന്റെ താമസം. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുന്നുണ്ട്. അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപിന്റെ മറുപടി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന്-സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത് എന്നായിരുന്നു 19കാരന്റെ മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്നും പ്രദീപ് പറഞ്ഞിരുന്നു.എന്തായാലും വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കോണിൽ നിന്ന് അഭിനന്ദനപ്രവാഹങ്ങളെത്തുകയും സഹായവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപിന്റെ അമ്മയുടെ ചികിത്സക്കായി 2.5 ലക്ഷം രൂപയുടെ ചെക്ക് ഷോപ്പേഴ്സ് സ്റ്റോപ് പ്രദീപിനെ ഏൽപ്പിച്ചത്.

Related Articles

Latest Articles