തിരുവനന്തപുരം: ദില്ലിയിലെ കർഷക സമരത്തെ പിന്തുണക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന 2500 കോടിയുടെ വായ്‌പ്പാ പദ്ധതി പൂഴ്ത്തിവയ്ക്കുന്നു. വേണ്ടത്ര പ്രചാരണം നൽകാതെയും അപേക്ഷകൾ നിരുത്സാഹപ്പെടുത്തിയും പദ്ധതിയുടെ പ്രയോജനം കർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുന്നു. കാർഷികമേഖലയിൽ അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസർക്കാർ രൂപംനൽകിയ വായ്പപ്പദ്ധതി ഒന്നരവർഷം പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെ വിതരണംചെയ്തത് 47 കോടി മാത്രം. 2025-26 വരെ 2520 കോടി രൂപയാണ് കേരളത്തിന് നീക്കിവെച്ചത്. ഇതിൽ 87 പദ്ധതികളിലായി 82 കോടിയുടെ വായ്പയ്ക്കാണ് അംഗീകാരം കിട്ടിയത്.
കാർഷികമേഖലയിൽ ആസ്തികൾ സൃഷ്ടിക്കാനും വിളകൾ സംരക്ഷിക്കുന്നതിനുളള സൗകര്യങ്ങൾ ഉണ്ടാക്കാനും രണ്ടുകോടിരൂപവരെ വായ്പ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർതന്നെ ഗാരന്റി നൽകും. ബാങ്കുകൾ ഒമ്പതുശതമാനംവരെയുള്ള പലിശ മാത്രമേ ഈടാക്കാവൂ. അതിൽ മൂന്നുശതമാനം കേന്ദ്രസർക്കാർ നൽകും. ഏഴുവർഷംകൊണ്ടാണ് തിരിച്ചടയ്ക്കേണ്ടത്. കേരളത്തിൽ വാണിജ്യ-ഗ്രാമീണ ബാങ്കുകളിൽനിന്നും കേരള ബാങ്കിൽനിന്നുമാണ് വായ്പ അനുവദിക്കുന്നത്. കുട്ടനാട് പോലുള്ള മേഖലകളിൽ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരും കേരളാ ബാങ്കും ചേർന്ന് അട്ടിമറിക്കുന്നത്. അതേസമയം പദ്ധതിയുടെ കേരളത്തിലെ പുരോഗതി വിലയിരുത്താൻ ജൂൺ 24-ന് കേന്ദ്രസംഘം എത്തുന്നുണ്ട്.
സൂക്ഷ്മകൃഷിക്കുളള അടിസ്ഥാനസൗകര്യങ്ങൾ, വിത്തുത്പാദനം, ടിഷ്യൂകൾച്ചർ നേഴ്‌സറി, ജൈവവളം ഉത്‌പാദനം, വിതരണശൃംഖലകളുടെ അടിസ്ഥാനസൗകര്യം, പാക്കിങ് കേന്ദ്രങ്ങൾ, കാർഷികവിളകളുടെ വൃത്തിയാക്കൽ, ഉണക്കൽ, തരംതിരിക്കൽ, വെയർഹൗസ്, ധാന്യപ്പുരകൾ, കോൾഡ് സ്റ്റോറേജ്, ഇ- മാർക്കറ്റിങ് സൗകര്യമുളള വിതരണശൃംഖല, സോളാർപാനൽ നിർമാണം, റൈസ് ആൻഡ് ഫ്ളോർമിൽ, ഓയിൽ മിൽ, സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കൽ, ശർക്കര/പഞ്ചസാര സംസ്കരണം എന്നിവയാണ് പദ്ധതിക്കായി നിർദേശിച്ചിട്ടുള്ള പദ്ധതികൾ.

