Sunday, May 19, 2024
spot_img

ഇത് ചരിത്രത്തിലാദ്യം;നോർത്ത് ഈസ്റ്റ്,ജംഷെഡ്‌പൂറിനെ വീഴ്ത്തി

ഇന്ത്യൻ സൂപ്പർ ലീ​ഗീലെ രണ്ടാംപാദ മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയെ കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കാണ് ടീം വിജയം സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റിനായി അശുതോഷ് മെഹ്തയും ഡെഷോൺ ബ്രൗണും സ്കോർ ചെയ്തപ്പോൾ ജംഷേദ്പുരിന്റെ ആശ്വാസ ​ഗോൾ നായകൻ പീറ്റർ ഹാർട്ലി നേടി. ഐ.എസ്.എൽ ചരിത്രത്തിലാദ്യമായാണ് നോർത്ത് ഈസ്റ്റ് ജംഷേദ്പുരിനെ കീഴടക്കുന്നത്. ആദ്യ പാദമത്സരത്തിൽ ജംഷേദ്പുർ വിജയം നേടിയിരുന്നു.ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നപ്പോൾ ജംഷേദ്പുർ തുടർച്ചയായി മൂന്നു തോൽവികൾ വഴങ്ങി പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീണു. നോർത്ത് ഈസ്റ്റിന്റെ ഫെഡറിക്കോ ​ഗായെ​ഗോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
ഇരുടീമുകളും കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. മത്സരത്തിലെ ആദ്യ അവസരം നോര്‍ത്ത് ഈസ്റ്റ് സൃഷ്ടിച്ചു. അഞ്ചാം മിനിട്ടില്‍ ഗയെങ്കോയ്ക്ക് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി കടന്നുപോയി. എട്ടാം മിനിട്ടില്‍ ജംഷേദ്പുരിന്റെ ആക്രമണം നോര്‍ത്ത് ഈസ്റ്റ് ബോക്‌സില്‍ ഭീതിയുണര്‍ത്തി. അനികേത് ജാദവിന്റെ മികച്ച പാസ്സ് ചെസ്റ്റിലിറക്കി സൂപ്പര്‍താരം വാല്‍സ്‌കിസ് നന്നായി തന്നെ ഷൂട്ട് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ ശുഭാശിഷ് തട്ടിയകറ്റി. നോര്‍ത്ത് ഈസ്റ്റ് ആദ്യമിനിട്ടുകളില്‍ ആധിപത്യം പുലര്‍ത്തി.  20-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സില്ല മികച്ച ഒരു ഹെഡ്ഡറെടുത്തെങ്കിലും അത് ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹ്നേഷ് തട്ടിയകറ്റി.  32-ാം മിനിട്ടില്‍ വീണ്ടും ഒരു ലോകോത്തര സേവിലൂടെ രഹ്നേഷ് ടീമിന്റെ രക്ഷകനായി. ബോക്‌സിനകത്തേക്ക് സുഹൈര്‍ നല്‍കിയ പാസ് സ്വീകരിച്ച മഷാഡോ ഒരു കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രഹ്നേഷ് തകര്‍പ്പന്‍ ഡൈവിലൂടെ പന്ത് തട്ടിയകറ്റി. നോര്‍ത്ത് ഈസ്റ്റിന്റെ നിരന്തര ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ഫലം വന്നു. 36ാം മിനിട്ടില്‍ അശുതോഷ് മെഹ്തയിലൂടെ ടീം ഒരു ഗോള്‍ നേടി. കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറക്കുന്നത്. ബോക്‌സിനകത്തേക്ക് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്ക് ലക്ഷ്യമായി ഉയര്‍ന്നു പൊന്തിയ അശുതോഷ് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. ഗോള്‍ വീണതോടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ആക്രമിച്ച് കളിച്ചു. ആദ്യ പകുതിയില്‍ ജംഷേദ്പുരിനെക്കാള്‍ എത്രയോ മികച്ച പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റ് കാഴ്ചവെച്ചത്. മുന്നേറ്റത്തില്‍ സുഹൈര്‍-മഷാഡോ-സില്ല സഖ്യം മികച്ച ഫോമിലാണ് കളിച്ചത്.  രണ്ടുമാറ്റങ്ങളുമായാണ് ജംഷേദ്പുർ രണ്ടാം പകുതിയിൽ ഇറങ്ങിയത്. മറുവശത്ത് നോർത്ത് ഈസ്റ്റ് ഒരു മാറ്റവും വരുത്തി. കൂടുതൽ ആക്രമിച്ച് കളിച്ച് സമനില ഗോൾ നേടാനാണ് ജംഷേദ്പുർ ശ്രമിച്ചത്. പക്ഷേ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിലേക്ക് വലിയാതെ ആദ്യ പകുതിയിലെ അതേ പ്രകടനം തന്നെ പുറത്തെടുത്തു. 59-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ മഷാഡോയ്ക്ക് ഒരു ഫ്രീ ഹെഡ്ഡർ ലഭിച്ചെങ്കിലും അത് പോസ്റ്റിന് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ നോർത്ത് ഈസ്റ്റ് മത്സരത്തിലെ രണ്ടാം ഗോൾ നേടി.  സൂപ്പർ സബ്ബായി കളത്തിലെത്തിയ ഡെഷോൺ ബ്രൗണിന്റെ ഉജ്ജ്വല ഗോളിലൂടെയാണ് ജംഷേദ്പുരിനെതിരേ നോർത്ത് ഈസ്റ്റ് ലീഡുയർത്തിയത്. 61-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്. ​ഗയെ​ഗോയുടെ കിടിലൻ പാസ് സ്വീകരിച്ച ബ്രൗൺ ബോക്‌സിനകത്തേക്ക് കയറി രഹ്നേഷിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ച് നോർത്ത് ഈസ്റ്റിനായി ആദ്യ ഗോൾ നേടി.  ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് ബ്രൗൺ ബെംഗളൂരു എഫ്.സിയിൽ നിന്നും നോർത്ത് ഈസ്റ്റിലെത്തിയത്. ബെംഗളൂരുവിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ നോർത്ത് ഈസ്റ്റിനുവേണ്ടി ഗോൾ നേടി താരം വരവറിയിച്ചു. ഇതോടെ ജംഷേദ്പുർ തകർന്നു. 71-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ വാൽസ്‌കിസിന് ബോക്‌സിനകത്ത് വെച്ച് ഓപ്പൺ ചാൻസ് ലഭിച്ചു. അദ്ദേഹം കൃത്യമായി പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ശുഭാശിഷ് അത് തട്ടിയകറ്റി. പിന്നീട് കിണഞ്ഞു ശ്രമിച്ചിട്ടും ജംഷേദ്പുരിന് ​ഗോൾ നേടാനായില്ല. ഒടുവിൽ 89-ാം മിനിട്ടിൽ നായകൻ പീറ്റർ ഹാർട്ട്ലിയിലൂടെ ജംഷേദ്പുർ ആശ്വാസ ​ഗോൾ നേടി. കോർണർ കിക്ക് ബോക്സിലേക്കുയർന്നു വന്നപ്പോൾ കൃത്യമായി  ഹെഡ്ഡ് ചെയ്ത് ജംഷേദ്പുർ നായകൻ പന്ത് വലയിലെത്തിച്ചു.

Related Articles

Latest Articles