Thursday, May 2, 2024
spot_img

ഉസ്താദ് ഗുലാം മുസ്തഫ ഖാൻ വിട വാങ്ങി;നിലച്ചത് താന്ത്രികൾക്കൊപ്പം മൂളിയ ശുദ്ധസംഗീതം

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മരുമകള്‍ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു.  സംഗീത ലോകത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. നല്ലൊരു ഗായകന്‍ മാത്രല്ല, നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് ലതാ മങ്കേഷ്‌കര്‍ കുറിച്ചത്. ഞാനും എന്റെ ബന്ധുവും ​പാട്ട് പഠിച്ചത് മുസ്തഫ ഖാനില്‍ നിന്നാണെന്നും അവർ പറഞ്ഞു. മറ്റൊരു നഷ്ടം കൂടി എന്നാണ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി കുറിച്ചത്. അധ്യാപകരില്‍ ഏറ്റവും മികച്ചത് എന്നാണ് എആര്‍ റഹ്മാന്‍ കുറിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞന്‍മാരില്‍ ഒരാളെയാണ് നഷ്ടമായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിഹാസ സംഗീതം എക്കാലവും ജീവിക്കുമെന്ന് അംജദ് അലി ഖാന്‍ ട്വീറ്റ് കുറിച്ചത്.

ഉസ്താദ് ഇനായത്ത് ഹുസൈന്‍ ഖാന്റെ പൗത്രനായ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ 1931 മാര്‍ച്ച് മൂന്നാം തീയതിയാണ് ജനിച്ചത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകള്‍ക്കു വേണ്ടിയും പാടി. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതല്‍ തന്നെ മുസ്തഫ ഖാനെ പിതാവ് സംഗീതം പഠിപ്പിച്ചു തുടങ്ങിയിരുന്നു. അതിനുശേഷം ഉസ്താദ് ഫിദ ഹുസൈന്‍ ഖാനാണ് മുസ്തഫഖാനെ സംഗീതം പഠിപ്പിച്ചത്. സംഗീതത്തിലുള്ള ഉപരിപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയതാകട്ടെ ഉസ്താദ് നിസാര്‍ ഹുസൈന്‍ ഖാനില്‍ നിന്നായിരുന്നു. ഈ വിധത്തില്‍ കുടുംബത്തിലുള്ള സംഗീതകാരന്‍മാരാല്‍ തന്നെ വാര്‍ത്തെടുക്കപ്പെട്ട ഗുലാം മുസ്തഫ ഖാന്‍ എട്ടാം വയസ്സില്‍ അരങ്ങേറ്റക്കച്ചേരിയും നടത്തി. ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ശാസ്ത്രീയസംഗീതക്കച്ചേരികളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

സംഗീത ജീവിതത്തിന് സമാന്തരമായിത്തന്നെ ഉസ്താദ് ഗുലാം മുസ്തഫഖാന്‍ സിനിമാസംഗീത മേഖലയിലും പ്രശസ്തനായി. 1991-ല്‍ പത്മശ്രീ, 2003-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2006-ല്‍ പദ്മഭൂഷണ്‍, 2018-ല്‍ പദ്ഭവിഭൂഷണ്‍ എന്നിവ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

Related Articles

Latest Articles