തിരുവനന്തപുരം: സിപിഐഎമ്മിന്റെ (CPM) സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. എല്ലാ കഴിഞ്ഞല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുധാകരന്‍ ഉള്‍പ്പെടെ 13 പേരെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നൽകിയിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. കോടിയേരി അടക്കം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചത്. മുന്‍ മന്ത്രി ജി സുധാകരനേയും സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മന്ത്രിമാര്‍. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയതോടെ വാസവന് കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. പതിനേഴംഗ സെക്രട്ടേറിയറ്റില്‍ എട്ട് പേരും പുതുമുഖങ്ങളാണ്. പി.ജയരാജൻ ഇത്തവണയും സെക്രട്ടറിയേറ്റിൽ ഇല്ല.
സുധാകരനെക്കൂടാതെ എം എം മണി, ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കെ ജെ തോമസ്, വൈക്കം വിശ്വൻ, കെ പി സഹദേവൻ, പി പി വാസുദേവൻ, ആർ. ഉണ്ണികൃഷ്ണപിള്ള, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, കെ വി രാമകൃഷ്ണൻ, എം ചന്ദ്രൻ തുടങ്ങിയവരെ ഒഴിവാക്കി. അതേസമയം മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനും സെക്രട്ടറിയേറ്റില്‍ എത്താനായി. എം വിജയകുമാറിനേയും കടകംപള്ളി സുരേന്ദ്രനേയും മറികടന്ന് ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയതാണ് അത്ഭുതം.

