Monday, May 20, 2024
spot_img

ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ ടീം നയിക്കാൻ ഇനി മലയാളി; കമ്പനിയുടെ തലപ്പത്തെ ഏക ഇന്ത്യക്കാരൻ

ദില്ലി : ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ ടീമിനെ നയിക്കാൻ ഇനി മലയാളിയായ ഷീൻ ഓസ്റ്റിൻ. മലയാളിയായ ടെസ്‍ല എൻജിനീയറെയാണ് ഇലോൺ മസ്ക് ഇതിനായി കണ്ടെത്തിയത്. . കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‍ല കമ്പനിയിൽ പ്രിൻസിപ്പൽ എൻജിനീയറുമായ ഷീൻ ഓസ്റ്റിനാണ് നിലവിൽ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ തലപ്പത്തുള്ളത്. ട്വിറ്ററിന്റെ തലപ്പത്ത് നിലവിലുള്ള ഏക ഇന്ത്യക്കാരൻ ഒരുപക്ഷേ ഷീൻ ആയിരിക്കും. കമ്പനിയുടെ ഡേറ്റ സെന്ററുകൾ അടക്കം എല്ലാ സുപ്രധാന സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളുടെയും ചുമതല ഇൻഫ്രാസ്ട്രക്ചർ ടീമിനാനുള്ളത് .

ഇലോ‍ൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ ഷീൻ ഒപ്പമുണ്ടെന്നാണ് വിവരം. 2003 ൽ ഐടിസി ഇൻഫോടെക്കിലാണ് ഷീൻ കരിയർ ആരംഭിച്ചത്. പിന്നീട് ആക്സഞ്ചർ അടക്കമുള്ള കമ്പനികളിൽ ജോലി ചെയ്ത ശേഷം 2013 ലാണ് ടെസ്‍ലയിൽ സീനിയർ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എൻജിനീയറായി വരുന്നത്.

ടെസ്‍ലയുടെ ഡേറ്റ സെന്റർ ഡിസൈൻ, ഓട്ടോപൈലറ്റ് കംപ്യൂട്ടർ വിഷനു വേണ്ടിയുള്ള മെഷീൻ ലേണിങ് പ്ലാറ്റ്ഫോം അടക്കമുള്ളവയുടെ മേൽനോട്ടം അദ്ദേഹമായിരുന്നു നിർവഹിച്ചത്. കണക്റ്റഡ് കാർ സർവീസസ് ടീമിന്റെയും ഭാഗമായിരുന്നു ഷീൻ . 2018 ൽ ടെസ്‍ല വിട്ട് ബൈറ്റൻ എന്ന സ്റ്റാർട്ടപ്പിലേക്ക് നീങ്ങിയ ഷീൻ പിന്നീട് വിമാനക്കമ്പനിയായ എയർബസിന്റെ ഭാഗമായി ജോലി ചെയ്തു. 2019 ൽ വീണ്ടും ടെസ്‍ലയിൽ പ്രിൻസിപ്പൽ എൻജിനീയറായി തിരികെയെത്തി. പ്ലാറ്റ്ഫോം എൻജിനീയറിങ്, സൂപ്പർ കംപ്യൂട്ടിങ്, പ്ലാറ്റ്ഫോം സ്റ്റോറേജ്, ഡേറ്റ സെന്ററുകൾ എന്നിവയാണ് ടെസ്‍ലയിൽ അദ്ദേഹത്തിന്റെ  മേഖലകൾ.

Related Articles

Latest Articles