പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് വിദ്യാർത്ഥിനി അമ്മു എസ് സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ വീടുകളിൽ നിന്ന് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുമെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേര്‍ കോട്ടയം സ്വദേശിനികളും ഒരാള്‍ പത്തനാപുരം സ്വദേശിനിയുമാണ്. ഇവരെ ഉടനെ പത്തനംതിട്ടയിൽ എത്തിക്കും.
ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബംരംഗത്തെത്തിയിരുന്നു. കോളേജില്‍ സഹപാഠികളായ ചില പെണ്‍കുട്ടികള്‍ അമ്മുവിനെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് ആരോപണം.

