Tuesday, October 20, 2026

ഒഡിഷ ട്രെയിൻ ദുരന്തം; ഒരു മൃതദേഹത്തിന് പല അവകാശികള്‍ രംഗത്ത്; ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ ഇനി മൃതദേഹങ്ങൾ വിട്ടു നൽകൂവെന്ന് അധികൃതർ

ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. തിരിച്ചറിയാത്തതിനാൽ ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ രംഗത്ത് വരുന്നുണ്ട് . ഇതാണ് വിവിധ ആശുപത്രികളിലേക്ക് എത്തുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ സ്വീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.

ഭുവനേശ്വർ എയിംസ് ആശുപത്രിയിൽ തുടങ്ങിയ സെന്ററിൽ തിങ്കളാഴ്ച 20 പേരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. അതേസമയം ദുരന്തത്തിൽ മരണ സംഖ്യ 288 ആണെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. 193 മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കു മാറ്റിയതായി ബാലസോർ ജില്ലാ കലക്ടർ വ്യക്തമാക്കി. ഇതിനോടകം തിരിച്ചറിഞ്ഞ 110 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകിയിട്ടുണ്ട്. ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ ഇനി മൃതദേഹങ്ങൾ വിട്ടു നൽകൂ എന്നാണ് വിവരം.

Related Articles

Latest Articles