Monday, December 15, 2025

ഇന്ത്യയിൽ ഒമിക്രോൺ ആശങ്ക വർധിക്കുന്നു; ആകെ 49 വൈറസ് ബാധിതർ; രാജസ്ഥാനിലും, ദില്ലിയിലും പുതിയ രോഗികൾ

ദില്ലി: രാജ്യത്ത് ഒമിക്രോൺ (Omicron) പിടിമുറുക്കുന്നതായി റിപ്പോർട്ട്. രാജസ്ഥാനിലും, ദില്ലിയിലും നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 49 ആയി ഉയർന്നു. അതേസമയം, ആന്ധ്രപ്രദേശിൽ ഒമിക്രോൺ ബാധിച്ച വ്യക്തി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജസ്ഥാനിൽ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 13 ആയി.

രോഗം സ്ഥിരീകരിച്ച നാല് പേരിൽ, മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ, ഉക്രൈനിൽ നിന്നും എത്തിയ ഒരു സ്ത്രീയ്‌ക്കും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യതലസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ആറായി. കൂടാതെ, ദില്ലിയിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ വിദേശത്ത് നിന്നെത്തിയ 35 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരുടെ സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചതായും മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles