ജനീവ: കോവിഡ് വൈറസിന്റെ പുതിയ വൈറസ് വകഭേദം ഒമിക്രോൺ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയിലും സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോൺ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മ്മനി. ബെല്‍ജിയത്തിലും നേരത്തെ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതീവ അപകടകാരിയായ വകഭേദം ഒമിക്രോൺ, ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയത്. പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കല്‍, വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്.
അതേസമയം പുതിയ വൈറസ് വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനയാത്രാ നിയന്ത്രണം നീക്കിയത് പുനഃപരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് നിര്‍ദേശം. വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണം. കൂടാതെ ജാഗ്രത കര്‍ശനമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

