Monday, May 20, 2024
spot_img

കോവിഡ്: മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്.

കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളാണുള്ളത്. ഐസിഡിഎസ് ജീവനക്കാർ മുഖേന ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂനിറ്റുകൾ ഓരോ കുട്ടിയുടെയും സ്ഥിതി വിലയിരുത്തി. ഈ റിപ്പോർട്ട് ശിശുസംരക്ഷണ സമിതിക്ക് നൽകുകയും കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അതാതു സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles