Tuesday, May 21, 2024
spot_img

ഓണകറികൾ ഒന്നിച്ചിട്ട് പുതിയ കറിയായി മാറുന്ന മലയാളികളുടെ അവിട്ടം ദിനം

ഓണനിലാവും ഓണക്കോടിയും തുമ്പിതുള്ളലും അമ്മാനിആട്ടവും കൈകൊട്ടിക്കളിയും തലപ്പന്ത് കളിയും ഊഞ്ഞാലാട്ടവുമെല്ലാം പഴമക്കാരുടെ മനസ്സിനെ ഇന്നും മഥിക്കുന്നുണ്ട്. അതൊക്കെ കുളിരുള്ള പൂനിലാവില്‍ ഈണത്തില്‍ ഉയരുന്ന ഊഞ്ഞാല്‍പ്പാട്ടും, നാട്ടിമ്പുറങ്ങളിലെ റോഡിലും പറമ്പുകളിലും നടക്കുന്ന പന്തുകളിയുടെ ആരവവും, തിരുവോണദിവസത്തെ തുമ്പിതുള്ളലും, ഓണക്കോടിക്കു വേണ്ടി ഭയഭക്തിയോടെ കാരണവന്മാരുടെ മുമ്പിലുള്ള നില്‍പ്പും, മഞ്ഞക്കോടി ഉടുത്ത് ഉത്സാഹഭരിതരായി ഓടിച്ചാടി നടക്കുന്ന കുട്ടികളും, കൊയ്ത്തുകഴിഞ്ഞ പാടത്തിന്റെ വരമ്പത്തുകൂടി ഓണക്കോടി ഉടുത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന മങ്കമാരുമെല്ലാം പഴമക്കാരുടെ മനസ്സിലെ മായ്ക്കാന്‍ കഴിയാത്ത ചിത്രങ്ങളാണ്. പൂവിളിയും പൂവടയും ഓണപ്പുടവയും ഓണപ്പൂക്കളവും തൂശനിലയിലെ സദ്യയുമെല്ലാം മനസില്‍ സൂക്ഷിക്കാന്‍ കഴിയുമ്പോഴേ നാം മലയാളികളാകൂ.

നന്‍മയുടെ പ്രതീകമായ മാതേവരെ വരവേല്‍ക്കാനൊരുങ്ങുന്ന മലയാളിക്ക് തിരുവോണനാളിന്റെ പിറ്റേദിനം മലയാളിക്ക് മൂന്നാം ഓണമാണ്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിച്ചു വരുന്നത്.

ഓണദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതിനാല്‍ ആവശ്യത്തിലേറെ ആഹാര സാധനങ്ങള്‍ ഉണ്ടാക്കും. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവര്‍ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ നമ്മുടേത്. ബാക്കി വരുന്ന കറികള്‍ സൂക്ഷിക്കാന്‍ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു.

തിരുവോണ ദിവസം ബാക്കി വരുന്ന കറികള്‍ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.

ആര്‍പ്പുവിളികളുടേയും ആരവങ്ങളുടേയും നിലയ്ക്കാത്ത ആഘോഷങ്ങള്‍ക്കിടയില്‍, നിറപ്പകിട്ടുകളുടെ നിറഘോഷമായി മാറുന്ന ചടങ്ങാണ് നീലംപേരൂര്‍ പൂരം പടയണി. തിരുവോണ പിറ്റേന്ന് അവിട്ടം നാള്‍ മുതല്‍ തുടങ്ങുന്ന പൂരം പടയണി ആഘോഷം, പൂരം നാളില്‍ വല്യന്നങ്ങളുടെ അകമ്പടിയോടെ ഭക്തി സാന്ദ്രമായി സമാപിക്കും.

 

Related Articles

Latest Articles