Sunday, May 19, 2024
spot_img

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23 മുതൽ; ഇത്തവണ പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

കൊച്ചി: സംസ്ഥാനത്ത് ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം ആരംഭിക്കും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ പപ്പടത്തിനും ശർക്കരയ്ക്കും പകരം ഇത്തവണ മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പുമാണ് കിറ്റിലുള്ളത്.

14 ഉത്പന്നങ്ങൾ ഓണകിറ്റിൽ അടങ്ങിയിട്ടുണ്ട്. സാധനങ്ങൾ ഇട്ടുതരുന്ന സഞ്ചിയാണ് 14മത്തെ ഉത്പന്നം. കിറ്റ് ഒന്നിന് 434 രൂപ കുറഞ്ഞത് ചിലവ് വരും എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. പഞ്ചസാരയും, ചെറുപയറും, തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരും. നിലവിൽ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്. ഇതിൽ പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തും പാക്കിംഗ് ഇപ്പോഴും തുടരുകയാണ്.

തിരുവനന്തപുരത്ത് 22 ന് വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുമ്പായി വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

Related Articles

Latest Articles