Saturday, January 10, 2026

ബാങ്കുകളിൽ വിതരണം ചെയ്യുന്നതിനായി 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളിൽ ഒന്ന് കേടായി; കനത്ത സുരക്ഷയൊരുക്കി പോലീസ്

വിഴുപുരം : ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടിയുടെ കറൻസിയുമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്നിൽ യന്ത്രത്തകരാർ ഉണ്ടായതിനെത്തുടർന്ന് ട്രക്കുകൾ താംബരത്ത് നിര്‍ത്തിയിട്ടു. ട്രക്കുകളുടെ സുരക്ഷയ്ക്കായി നൂറോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. ഓരോ ട്രക്കുകളിലും 535 കോടി രൂപ വീതമാണുള്ളത്.

വിഴുപുരം ജില്ലയിലെ ബാങ്കുകളില്‍ വിതരണത്തിനായി ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് കൊണ്ടുവന്ന പണമാണ് ട്രക്കുകളിലുള്ളത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ട്രക്കുകള്‍ ചെന്നൈയില്‍ നിന്ന് യാത്ര ആരംഭിച്ചത്. പണത്തിന്റെ സുരക്ഷക്കായി ഒരു ഇന്‍സ്‌പെക്ടറും ഒരു സബ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന 17 അംഗ പോലീസ് സംഘം ട്രക്കുകൾക്ക് അകമ്പടിയായി ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് ശേഷം താംബരം സാനിറ്റോറിയത്തിന് സമീപത്തെത്തിയപ്പോഴാണ് ഒരു ട്രക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനങ്ങളെ തൊട്ടടുത്തുള്ള തംബാരത്തെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി. നിലവിൽ സിദ്ധ ആശുപത്രിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Related Articles

Latest Articles