Friday, September 25, 2026

ഇന്ന് കേരളത്തിലെ ഈ സ്കൂൾ മാത്രം അടഞ്ഞുകിടന്നു: കാരണം രക്ഷിതാക്കളുടെ പ്രതിഷേധം; അദ്ധ്യയനം ആരംഭിക്കാൻ കഴിയാതെ തിരൂർ എ.എം.എൽ.പി സ്‌കൂൾ

മലപ്പുറം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്നാണ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നത്. എന്നാൽ സ്‌കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാൻ കഴിയാതെ തിരൂർ എ.എം.എൽ.പി സ്‌കൂൾ. ഇവിടെ രക്ഷിതാക്കളുടെ പ്രതിഷേധം മൂലമാണ് സ്കൂൾ തുറക്കാൻ സാധിക്കാഞ്ഞത്.

ഏത് നിമിഷം വേണമെങ്കിലും തകർന്നു വീഴാവുന്ന സ്‌കൂളിൽ ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് കണ്ടതോടെ, രക്ഷിതാക്കൾ തന്നെ അദ്ധ്യയനം തടസ്സപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് ഇന്നു രാവിലെ, അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സ്‌കൂളിന് മുൻപിൽ വെച്ച് രക്ഷിതാക്കൾ പ്രതിഷേധിച്ചു.

സ്‌കൂൾ ഒരു ഇടവേളയ്‌ക്ക് ശേഷം തുറക്കുമ്പോൾ, അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷകർത്താക്കൾ രാവിലെ സ്‌കൂളിലെത്തിയത്. എന്നാൽ മേൽക്കൂരയിലെ ഓടുകൾ പൊട്ടി തകർന്ന് നിലത്ത് കിടക്കുന്ന കാഴ്ച്ചയാണ് രക്ഷിതാക്കൾ കണ്ടത്. ചിതലരിച്ച് മേൽക്കൂരയുടെ പല ഭാഗങ്ങളും അടർന്നു വീണ നിലയിലാണ്.

ഇതോടെ കെട്ടിടത്തിന്റെ ശോചനീയമായ അവസ്ഥ കണ്ട രക്ഷിതാക്കൾ ഇന്ന് അദ്ധ്യയനം തുടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടത്തി. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് തിരൂർ എ.എം.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്നത്. നാല് ക്ലാസുകളിലുമായി ഇവിടെ ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

Related Articles

Latest Articles