Sunday, May 19, 2024
spot_img

കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ; പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു (oommen chandy opan up about k-rail). കേരളത്തിന് യോജിച്ച പദ്ധതിയല്ല സില്‍വര്‍ ലൈനെന്നും. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ അപമാനമായി കാണരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയില്‍ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് പുറമെ കുഞ്ഞാലിക്കുട്ടിയും പദ്ധതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി. കെ റെയില്‍ സമരം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. സര്‍ക്കാര്‍ അത് മനസ്സിലാക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു. സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതിയാണോ എന്ന് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, കോട്ടയത്ത് കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം കനത്തതോടെ താത്കാലികമായി നിര്‍ത്തിവച്ച സര്‍വ്വേ നടപടികള്‍ വീണ്ടും തുടങ്ങി. ഇന്ന് പന്ത്രണ്ട് സ്ഥലങ്ങളിലാണ് കല്ലിട്ടത്. നട്ടാശ്ശേരിയില്‍ പ്രതിഷേധക്കാര്‍ എത്തും മുന്നേ കല്ലീടല്‍ നടത്തിയിരുന്നു. രാവിലെ പോലീസ് സന്നാഹത്തോടെ എത്തി നാട്ടിയ അതിരടയാളക്കല്ലുകള്‍ പ്രതിഷേധക്കാര്‍ എത്തി പിഴുതുമാറ്റി. നാട്ടിയ കല്ലുകള്‍ തിരികെ കൊണ്ടു പോയാല്‍ മാത്രമേ വാഹനം കടത്തി വിടൂ എന്ന് നാട്ടുകാര്‍ പറഞ്ഞു.

ആത്മഹത്യാ ഭീഷണികളുമായിട്ടാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്സും ആംബുലന്‍സുമടക്കം വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വേ നടപടികള്‍ സംസ്ഥാന വ്യാപകമായി ഉണ്ടായേക്കില്ല എന്ന സൂചനകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാവിലെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ എത്തി കല്ലുകള്‍ നാട്ടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

Related Articles

Latest Articles