Thursday, May 16, 2024
spot_img

ഉമ്മന്‍ചാണ്ടി കയറിയ ഒറ്റയടിപ്പാലം സിപിഎം ജയിച്ച മണ്ഡലത്തിലേത് ? സിപിഎം കുഴിച്ച കുഴിയിൽ സിപിഎം തന്നെ വീണപ്പോൾ

കോട്ടയം :അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ അത് ശരിക്കും കാണാനുള്ള ഭാഗ്യമാണ് ഇപ്പോൾ മലയാളികൾക്കുണ്ടായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ, സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരോപണ, പ്രത്യാരോപണങ്ങള്‍ക്ക് മൂർച്ച കൂടിയിരുന്നു.

പുതുപ്പള്ളിയില്‍ വികസനമില്ല എന്ന ആരോപണത്തിന് ആക്കം കൂട്ടാന്‍ അന്തരിച്ച ഉമ്മന്‍ചാണ്ടി ഒറ്റയടി പാലത്തിലൂടെ പോകുന്ന ചിത്രം പ്രചരിപ്പിച്ചവര്‍ ഇപ്പോൾ തലയിൽ മുണ്ടിടേണ്ട അവസ്ഥയിലാണ്. കാരണം ഉമ്മന്‍ചാണ്ടി നടന്ന പാലം ഉള്‍പ്പെടുന്ന മണ്ഡലം സിപിഎം എംഎല്‍എ ആയിരുന്ന സുരേഷ് കുറുപ്പിന്റേതായിരുന്നെന്നു വ്യക്തമാക്കി പൊതുപ്രവർത്തകനായ കുഞ്ഞ് ഇല്ലംപള്ളി സമൂഹ മാദ്ധ്യമത്തില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെ ആരോപണത്തിന്റെ മുന ഒടിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ആ സ്ഥലത്തെ എംഎല്‍എ മന്ത്രി വി.എന്‍.വാസവന്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി പാലത്തിലൂടെ പോകുന്ന ചിത്രം 2016 നവംബര്‍ 27-ന് താന്‍ മൊബൈലില്‍ പകര്‍ത്തിയതാണെന്നും തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍നിന്ന് ഇറമ്പത്തേക്കു പോകുന്ന വഴിയിലാണു പാലം എന്നും കുഞ്ഞ് ഇല്ലംപള്ളി പറയുന്നു.

കുഞ്ഞ് ഇല്ലംപള്ളി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റ്‌:

ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന പടം സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയും അതിന് പ്രചരണം നടത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്

ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കറിയാം എന്നാലും, പറയട്ടെ.

ഉമ്മൻ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബർ 27ന് എന്റെ മോബൈലിൽ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവർത്തകൻ എം.ഐ. വേലുവിന്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിക്കാനാണ് അദ്ദേഹം എത്തിയത്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം.

നീണ്ട വർഷം കോട്ടയം എംപിയായും പിന്നീട് അവിടുത്തെ എംഎൽയുമായി 2021 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എംഎൽഎ. 21 മുതൽ മന്ത്രി വാസവനും. വികസനം നടത്താൻ വരുന്നവർക്കായി 2016ലെ പടവും, ഇപ്പോൾ ആ പാലത്തിന്റെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ. താഴോട്ടാണെന്ന് മാത്രം. പടവലങ്ങ പോലെ 2023ലെ പാലത്തിന്റെ പടത്തിൽ, പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്. ശ്രീ വേലു ഗീബൽസിന്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലർക്കും, അറിഞ്ഞും, അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികൾക്കുമായി ഞാൻ സമർപ്പിക്കുന്നു.

Related Articles

Latest Articles