Monday, May 20, 2024
spot_img

ഊട്ടി ഹെലികോപ്റ്റർ അപകടം : മരിച്ച മലയാളി ഓഫീസർ എ പ്രദീപിന്റെ അച്ഛൻ വെന്റിലേറ്ററിൽ. മരണവാർത്തയറിയിക്കാതെ കുടുംബം

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിൻറെ (37) മരണ വിവരം വീട്ടിൽ വെന്റിലേറ്ററിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണൻ അറിഞ്ഞിട്ടില്ല. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്.
ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രദീപ് നാട്ടിലെത്തിയിരുന്നു. അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടം.

മരണവിവരം അമ്മ കുമാരിയെ അറിയിച്ചിട്ടുണ്ട്. ഊട്ടിയിൽ ഹെലികോപ്റ്റർ അപകടമുണ്ടായതായി കേട്ടതു മുതൽ കുമാരി ആശങ്കയിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് സൂചിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ വിളി വരാഞ്ഞതിനാൽ പോയിട്ടുണ്ടാവില്ലെന്നാണു കരുതിയത്. എന്നാൽ രാത്രി വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളിൽനിന്നും വാർത്താ സൂചനകളിൽ നിന്നും ആ നടുക്കുന്ന സത്യം അമ്മ അറിഞ്ഞു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ആറുമാസം മുൻപാണു കോയമ്പത്തൂർ സൂലൂരിലെത്തിയത്. 20 വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്കു മടങ്ങാൻ ആലോചിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

മതിക്കുന്ന് എൽപി സ്കൂളിലെയും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും തൃശൂർ ഗവ. ഐടിഐയിലെയും പൂർവ വിദ്യാർഥിയാണ്. നാട്ടിലെത്തുമ്പോഴെല്ലാം എല്ലാവരുമൊത്ത് സൗഹൃദം പങ്കിടുന്ന ഒരാളെ നഷ്ടമായതിന്റെ വേദനയിലാണു സുഹൃത്തുക്കൾ. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവമായിരുന്നു പ്രദീപ്.ഫുട്‌ബോൾ കളിക്കളത്തിലെയും സജീവ സാന്നിധ്യമായിരുന്നു. സൂലൂരിൽ കുടുംബ സമേതമാണു താമസം. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷിൺ ദേവ് (7), ദേവപ്രയാഗ് (2).

2018 ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു

Related Articles

Latest Articles