Thursday, May 2, 2024
spot_img

ജാക്ക് ഡോര്‍സി രാജിവച്ചു; ട്വിറ്ററിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ

ന്യൂയോർക്ക്: ട്വിറ്ററിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) (Twitter CEO) ജാക്ക് ഡോർസി സ്ഥാനമൊഴിയുന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പുതിയ സിഇഒ ആയി ഇന്ത്യൻ വംശജനായ ട്വിറ്റർ ചീഫ് ടെക്‌നോളജി ഓഫീസർ (സിടിഒ) പരാഗ് അഗർവാൾ ഉടൻ ചുമതലയേൽക്കും. കഴിഞ്ഞ വർഷം മുതൽ ഡോർസിയുടെ വിടവാങ്ങലിനു കമ്പനി ബോർഡ് ഒരുങ്ങുകയായിരുന്നു.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടുന്നതിന് മുമ്പ് ഐഐടി മുംബൈയിൽ നിന്ന് ബിരുദം നേടിയ പരാഗ് അഗർവാൾ, മൈക്രോസോഫ്റ്റ്, യാഹൂ, എടി എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്. ട്വിറ്റർ സിഇഒ ആയി പരാഗ് എത്തിയതോടെ ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഐബിഎമ്മിന്റെ ആർവിംഗ് കൃഷ്ണ, അഡോബിന്റെ ശന്തനു നാരായൺ എന്നിങ്ങനെ അര ഡസനിലധികം ആഗോള ടെക് ഭീമന്‍മാർക്ക് ചുക്കാൻ പിടിക്കുന്നവരായി ഇന്ത്യൻ വംശജർമാറി.

അതേസമയം ജാക്ക് ഡോർസി തന്നെയാണു സിഇഒ സ്ഥാനമൊഴിയുന്ന കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
ജാക്ക് ഡോർസിക്കും ടീമിനും നന്ദി അറിയിച്ച് പുതിയ സിഇഒ ആയ പരാഗ് അഗർവാളും ട്വീറ്റ് ചെയ്തു. ജാക്ക് ഡോർസി സിഇഒ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായും ഡയറക്ടർ ബോർഡ് ഏകകണ്ഠമായി പരാഗ് അഗർവാളിനെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായും ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു. പാട്രിക് പിച്ചെറ്റിന്റെ പിൻഗാമിയായി ബ്രെറ്റ് ടെയ്‌ലർ ഡയറക്ടർ ബോർഡിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Latest Articles