കൊച്ചി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളത്ത് പരക്കെ നടപടി. ഇതുവരെ
74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കൂടാതെ 51 പേരെ നാടുകടത്തുകയും ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റവുമൊടുവിലായി എറണാകുളത്തെ സ്ഥിരം കുറ്റവാളിയായ ആഷിഖിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കാലടി കാഞ്ഞൂർ വടക്കുംഭാഗം സ്വദേശി ആഷിഖിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചുവെന്ന് പോലീസ് അറിയിച്ചു.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഷിഖിനെതിരായ നടപടി. നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ആഷിഖ്.

