ദില്ലി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് 19 വിമാനങ്ങളിലായി 3,726പേര്‍ എത്തുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. ബുക്കറെസ്റ്റില്‍ നിന്ന് എട്ടും ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും വിമാനങ്ങള്‍ എത്തും. മറ്റ് മൂന്നിടങ്ങളില്‍ നിന്നും ആറ് വിമാനങ്ങളും സര്‍വീസ് നടത്തും.
അതേസമയം, യുക്രെയ്ൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു.
അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. റഷ്യ, ബെലാറസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു.

