Tuesday, May 14, 2024
spot_img

ഓപ്പറേഷൻ ഗംഗ: ഭാരത് മാതാ കീ ജയ് വിളിച്ച് ഇന്ത്യൻ പൗരന്മാർ; 24 മണിക്കൂറിനുള്ളിൽ മൂന്ന് സി-17 വിമാനങ്ങൾ ഇന്ത്യയിലെത്തി

ദില്ലി: ഓപ്പറേഷൻ ഗംഗ (Operation Ganga) ഊർജ്ജിതം. 24 മണിക്കൂറിനുള്ളിൽ മൂന്ന് സി-17 വിമാനങ്ങളാണ് യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയത്. 220ലേറെ യാത്രക്കാരുമായാണ് ആശ്വാസവും ആത്മവിശ്വാസവുമായി ഈ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ പൗരന്മാർ ഭാരത് മാതാ കീ ജയ് വിളിച്ച് ആണ് തങ്ങളുടെ സന്തോഷം അറിയിച്ചത്. എന്നാൽ ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ട രക്ഷാപ്രവർത്തനത്തിൽ ആദ്യഘട്ടത്തിൽ എയർ ഇന്ത്യയും സ്‌പൈസ് ജറ്റും ഇൻഡിഗോയുമാണ് കേന്ദ്രസർക്കാർ ഉപയോഗിച്ചത്. ഇതുവരെ എല്ലാത്തരം വിമാനങ്ങളിലുമായി 7000 പേരെ നാട്ടിലെത്തിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം വ്യോമസേനാ വിമാനങ്ങൾ ഹംഗറിയിൽ നിന്നാണ് ആദ്യ സംഘത്തെ എത്തിച്ചത്. തുടർന്ന് വിമാനത്താവളത്തിലിറങ്ങിയ വിദ്യാർത്ഥികളടക്കമുള്ളവരെ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജ്യയ് ഭട്ട് ദില്ലി ഹിൻഡോൺ വിമാനത്താവളത്തിൽ സ്വീകരിച്ചു. വ്യോമസേനയുടെ സി-17 വിമാനങ്ങളെല്ലാം തയ്യാറായി നിൽക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാ വ്യോമസേന വൈമാനികർക്കും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

24 മണിക്കൂറും സേവനനിരതരായി യുദ്ധസന്നാഹത്തിലാണ് വ്യോമസേന യുക്രെയ്ൻ മേഖലയിലേക്ക് പറക്കുന്നത്. സി-17 വിമാനങ്ങൾ നിലവിൽ 400 യാത്രക്കാരെ കയറ്റാൻ പാകത്തിന് സജ്ജമാക്കിയാണ് യുക്രെയ്ൻ മേഖലയിലെ രക്ഷാപ്രവർത്തനം നടത്തുന്നത്. ഓരോ രാജ്യത്തും യുക്രെയ്‌നി നിന്നും അതിർത്തി കടന്ന് എത്തപ്പെട്ടിരിക്കുന്നവരെ ഘട്ടംഘട്ടമായിട്ടാണ് മടക്കികൊണ്ടുവരുന്നത്.

അതേസമയം യുക്രെയ്ൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. റഷ്യ, ബെലാറസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു.

Related Articles

Latest Articles