Saturday, September 19, 2026

ഭൂട്ടാൻ വഴി ആഡംബര വാഹനങ്ങൾ കടത്തി നികുതി വെട്ടിപ്പ് ! നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാനെയും വീടുകളിൽ കസ്റ്റംസ് പരിശോധന; ചില വ്യവസായികളുടെയും കാർ ഷോറൂമുകളിലും പരിശോധന

തിരുവനന്തപുരം: നടന്മാരായ പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാൻ വഴി ആഡംബര കാറുകൾ കടത്തി വൻ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് പരിശോധന. ഓപ്പറേഷൻ നുംകൂർ എന്ന് പേരിട്ടിരിക്കുന്ന നടപടിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി 30 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ കേന്ദ്രങ്ങളിലാണ് രാവിലെ എട്ടരയോടെ ഒരേ സമയം പരിശോധന നടന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെയാണ് പരിശോധന.

വിദേശത്ത് നിന്നും സാധാരണ രീതിയിൽ വാഹനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ വൻ നികുതി നൽകേണ്ടതുണ്ട്. എന്നാൽ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ഭൂട്ടാനിലേക്ക് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്ത ശേഷം പഴയ വാഹനങ്ങൾ എന്ന നിലയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു. ഇതിനായി ഭൂട്ടാനിൽ വ്യാജ മേൽവിലാസത്തിലാണ് വാഹനങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യുക. പിന്നീട് ഈ വാഹനങ്ങൾ ഹിമാചൽ പ്രദേശിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്യുന്നു. പിന്നീടാണ് വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുക.

ഇത്തരം അനധികൃത കടത്ത് നടത്താനായി വലിയ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് സൂചന. ഇവരാണ് നടന്മാർക്കും വൻകിട വ്യവസായികൾക്കും നികുതി ഒഴിവാക്കി വാഹനങ്ങൾ എത്തിച്ചു നൽകുന്നത്. ഇവർക്കെതിരായ നടപടിയാണ് കസ്റ്റംസ് ഇപ്പോൾ നടത്തുന്നത്. അനധികൃതമായി കടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കും എന്ന് തന്നെയാണ് ഇപ്പോൾ കസ്റ്റംസ് നൽകുന്ന സൂചന. പിന്നീട് ഉടമകളോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടും . മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉടമകളും നിയമ നടപടി നേരിടേണ്ടിവരും. പൃഥ്വിരാജിന്റെ കയ്യിലുള്ള ലാൻഡ്റോവർ ഡിഫൻഡർ വാഹനവും, ദുൽഖറിന്റെ കയ്യിലുള്ള നിസാൻ വാഹനവും അനധികൃതമായി കടത്തിയെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും, ദുൽഖറിന്റെ പനമ്പള്ളി നഗറിലുള്ള വീട്ടിലുമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയെങ്കിലും വാഹനങ്ങൾ കണ്ടെത്താത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു.

Related Articles

Latest Articles