Friday, September 18, 2026

ഓപ്പറേഷൻ സിന്ദൂർ ! എഫ്-16 ഉള്‍പ്പെടെ പാകിസ്ഥാന്റെ 10 യുദ്ധവിമാനങ്ങള്‍ തകർന്നുവെന്ന് വ്യോമസേന മേധാവി ; പാകിസ്ഥാന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്‌

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന്റെ 10 യുദ്ധവിമാനങ്ങള്‍ തകർന്നുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്‌. ഇന്ത്യയിൽ ആക്രമണം നടത്താൻ ശ്രമിച്ച അഞ്ച് പാക് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി.

“ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ടു അവസാനിപ്പിക്കുക ആയിരുന്നു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിത്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂർ. കൃത്യമായ ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. . യുദ്ധ സമയത്ത് മാദ്ധ്യമങ്ങൾ വലിയ പങ്കുവച്ചു. മാദ്ധ്യമങ്ങൾ സേനകൾക്ക് ഒപ്പം നില കൊണ്ടു. ചിലർ നൽകിയ തെറ്റായ വാർത്തകൾ ഒഴിച്ചാൽ രാജ്യ താൽപര്യത്തിനൊപ്പം മാദ്ധ്യമങ്ങൾ നിലകൊണ്ടു.

കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യു.എ.വി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.

ഇന്ത്യയുടെ ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചുവെന്നും എയര്‍ മാര്‍ഷല്‍ സിങ് പറഞ്ഞു. ‘ഞങ്ങള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്ഥാന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

വെടിനിര്‍ത്തലിനും ശത്രുത അവസാനിപ്പിക്കാനും അവര്‍ ആവശ്യപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് അവരെ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറിയതിനാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ തീരുമാനമെടുക്കുകയും ചെയ്തു

ഭീകര കേന്ദ്രങ്ങൾ പാകിസ്ഥാന്റെ എത്ര ഉള്ളിൽ ആണെങ്കിലും അത് തകർക്കാനുള്ള കരുത്ത് വ്യോമ സേനയ്ക്ക് ഉണ്ട്. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാനും വ്യോമ സേന സജ്ജമാണ്. ആ മേഖലയിൽ പുതിയ എയർ ബേസുകൾ ഉൾപ്പടെ വികസിപ്പിച്ച് വരുന്നുണ്ട്. ഇതുവരെ കണ്ട യുദ്ധങ്ങൾ പോലെ ആകില്ല വരും കാല യുദ്ധങ്ങൾ. അതിനായുള്ള തയ്യാറെടുപ്പിലാണ് സേന. പുതിയ കാലത്തെ സാങ്കേതിക സംവിധാനങ്ങൾ അനുസരിച്ച് മാറ്റം വരുത്തും. പുതിയ യുദ്ധവിമാനങ്ങൾക്കായി നടപടികൾ തുടങ്ങിയിട്ടുണ്ട്.

പുതിയ ട്രാൻസ്പോർട്ട് വിമാനങ്ങളും സേനയുടെ ഭാഗമാകും. യുദ്ധവിമാനങ്ങളുടെ സാങ്കേതിക സംവിധാനം ഇന്ത്യയിലേക്ക് എത്തിച്ചു ഇവിടെ നിർമ്മാണം നടത്തുന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. ഓപ്പറേഷൻ സിന്ദൂരിലടക്കം നടന്നത് പോലെ യോജിച്ച പ്രവർത്തനം ആണ് ഇനി ആവശ്യം. മൂന്ന് സേനകളുടെ മാത്രമല്ല, വിവിധ ഏജൻസികളുടെ യോജിച്ച പ്രവർത്തനത്തിനാണ് ഊന്നൽ നൽകുന്നത്. 2030 നുള്ളിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഇന്ത്യക്കായി പറക്കും.”-എ.പി സിങ്‌ പറഞ്ഞു

Related Articles

Latest Articles