Thursday, March 28, 2024
spot_img

നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി;കൊവിഡ് മരണങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം

തിരുവന്തപുരം: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയും മരണക്കണക്കുകളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി. കൊവിഡ് ധനസഹായ വിതരണത്തിലെ അപര്യാപ്തത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നിരയിൽ നിന്നും കുണ്ടറ എംഎൽഎ പി.സി.വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച വിഷ്ണുനാഥ് പറഞ്ഞു. വാക്സീൻ ചലഞ്ചിലൂടെ സമാഹരിച്ച 800 കോടി രൂപ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രതിദിനം നൂറിലേറെ ആളുകൾ മരിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

എന്നാൽ കൊവിഡ് വ്യാപനം വർധിക്കാനും കുറയാതെ തുടരാനും മരണനിരക്ക് ഏറാനും കാരണമായത് ഡെൽറ്റ വൈറസാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ കൊവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

ആരോഗ്യമന്ത്രിയുടെ വാദത്തെ എതിർത്തു സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേരളത്തേക്കാൾ നന്നായി കൊവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണെന്ന് പറഞ്ഞു. കേരളത്തിലെ രണ്ടാം തരംഗം ഇത്രമാസമായിട്ടും തീർന്നിട്ടില്ല. ഇതാണോ കൊവിഡ് പ്രതിരോധ തന്ത്രമെന്നും ഇതാരുടെ തന്ത്രമാണെന്നും വിഡി സതീശൻ ചോദിച്ചു. കേരളത്തിന്റ പ്രതിരോധം മികച്ചത് എന്ന് പറഞ്ഞത് സർക്കാരല്ല കെ.കെ.ശൈലജയായിരുന്നുവെന്നും സതീശൻ പരിഹസിച്ചു. ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നുമിറങ്ങി പോയി.

Related Articles

Latest Articles