Monday, May 20, 2024
spot_img

‘ഇത് ഇരട്ടച്ചങ്കനല്ല, ആകാശവാണി’;സര്‍ക്കാരിനെതിരായ ബാക്കി ആരോപണങ്ങള്‍ പിന്നാലെ വരുന്നുണ്ട്’ – സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കോഴിക്കോട് : സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച എ.ഐ. ക്യാമറ, കെ ഫോണ്‍ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചതെന്നും ഇക്കാരണത്താലാണ് അമേരിക്കയിലെ ടൈം സ്‌ക്വയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയ തനിക്കെതിരെ കേസിൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

“കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോന്‍സണ്‍ മാവുങ്കലിന് കൊടുത്തെന്നാണ് സി.പി.എം. പശ്ചാത്തലമുള്ള പരാതിക്കാരന്‍ പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോള്‍ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നു? പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താന്‍ ശ്രമിക്കുകയാണ്. എം.പി. ആയതിനാല്‍ പബ്ലിക് ഫിനാന്‍സ് കമ്മിറ്റില്‍ ഇടപെടുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നതിലും യുക്തിയില്ല. ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നല്‍കുന്നവര്‍ക്ക് സുധാകരന്‍ എം.പി അല്ലെന്ന് അറിയില്ലായിരുന്നോ? പബ്ലിക് ഫിനാന്‍സ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാര്‍ലമെന്റിലില്ല.

ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ് നേതാക്കളെ നിശ്ശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പേടിച്ചു പോയെന്ന് പറയാന്‍ പറഞ്ഞത്. സര്‍ക്കാരിനെതിരായ ബാക്കി ആരോപണങ്ങള്‍ പിന്നാലെ വരുന്നുണ്ട്. എന്ത് ആരോപണങ്ങള്‍ വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. മൗനത്തിന്റെ മാളത്തില്‍ ഒളിക്കും. ഇത് ഇരട്ടച്ചങ്കന്‍ വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല. സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നത്. ഇത്രയും ഗവേഷണം നടത്തി അഴിമതി നടത്തിയതിനുള്ള ഒന്നാം സ്ഥാനം ഈ സര്‍ക്കാരിന് കിട്ടും. കേരളത്തില്‍ ലൈഫ് മിഷനില്‍ 46 ശതമാനവും കെ ഫോണില്‍ 65 ശതമാനമാണ് കമ്മീഷന്‍. കെ ഫോണില്‍ നിന്നും ഇപ്പോള്‍ 100 കോടിയാണ് അടിച്ച് മാറ്റിയത്. ശിവശങ്കരനെ മുന്നില്‍ നിര്‍ത്തി ആദ്യ അഞ്ച് വര്‍ഷവും പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. അത് തുടരാമെന്ന് കരുതിയപ്പോഴാണ് രഹസ്യങ്ങളൊക്കെ പുറത്ത് വന്നു തുടങ്ങിയത്. അങ്ങനെയുള്ള ആളാണ് കേസെടുത്ത് പ്രതിപക്ഷത്തെ പേടിപ്പിക്കാന്‍ വരുന്നത്. അത് കയ്യില്‍ വച്ചാല്‍ മതി. പ്രതിപക്ഷത്തിനെതിരെ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയന്റെ അഴിമതിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്” – വി ഡി സതീശൻ പറഞ്ഞു

Related Articles

Latest Articles