പാറ്റ്‌ന : ഹിന്ദുസ്ഥാനി അവാം മോർച്ചയെ (എച്ച്എഎം) ജനതാദളിൽ (യു) ലയിപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുന്നുവെന്നാരോപിച്ച് ബീഹാർ മന്ത്രിസഭയിൽനിന്നു രാജിവച്ച സന്തോഷ് കുമാർ സുമനു പകരം ജെഡിയു എംഎൽഎ രത്നേഷ് സദ മന്ത്രിയാകും. വരുന്ന വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ. ദലിത് നേതാവായ സന്തോഷ് സുമനു പകരമെത്തുന്ന രത്നേഷ് സദയും ദലിത് സമുദായാംഗമാണ്.
രത്നേഷ് സദയെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് നിതീഷ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങിനെത്താൻ രത്നേഷിനു രാജ്ഭവനിൽനിന്ന് അറിയിപ്പു ലഭിച്ചു.

