Friday, October 16, 2026

ഐ എസ് ഭീകരർ കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചതായി സംശയം; തൃശ്ശൂരും പാലക്കാടുംഎൻഐഎ പരിശോധന; അറസ്റ്റിലായ പ്രതി നബീലുമായി തെളിവെടുപ്പ് തുടരുന്നു

പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. തൃശ്ശൂരിലും പാലക്കാടും എൻഐഎ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയുടെ മൊഴി പ്രകാരം ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തുകയും രഹസ്യ യോഗം നടത്തുകയും ചെയ്ത തൃശൂരിലെ കേന്ദ്രത്തിലും തെളിവെടുപ്പ് നടന്നു. ഭീകരാക്രമണത്തിന് ഹയാത്ത് എടുത്ത കേന്ദ്രത്തിലും പ്രതിയെ എത്തിച്ച് പരിശോധിച്ചു.

കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട മലയാളി ഐഎസ് ഭീകരർ രഹസ്യ കേന്ദ്രങ്ങളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എഎൻഐ നീക്കം. ഐഇഡി ബോംബുകളുടെ പരീക്ഷണ വിന്യാസം നടത്തിയതായി നേരത്തെ പിടിയിലായ ഭീകരരിൽ ചിലർ മൊഴി നൽകിയിരുന്നു. അറസ്റ്റിലായ നബീൽ അഹമ്മദ്, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. ആക്രമണങ്ങൾക്കായി വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായാണ് എൻഐഎയ്‌ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരും പാലക്കാടും വ്യാപക പരിശോധനകൾ നടത്തിയത്.

അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായാണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ് ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിന്റെ കേരള അമീറായി നബീൽ എന്ന സെയ്ദ് നബീൽ അഹമ്മദ് എത്തിയതെന്ന് എൻഐഎ കണ്ടെത്തി. ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് വഴിയാണ് നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles