കണ്ണൂർ : കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത കൊലപാതകം സിപിഎമ്മിന് ചെയ്യാനാകുമെന്നും സിപിഎം ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ പറയുന്നുവെന്നും ഷുഹൈബിന്റെ കൊലപാതകം ഓർമിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
എപ്പോഴാണ് അവരുടെ പേര് വിളിച്ചുപറയുക എന്ന ഭയം നേതാക്കൾക്കുണ്ട്. പോലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം കോടതിയിൽ നിന്നിറങ്ങിപ്പോയതെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ ആഹ്വാന പ്രകാരമാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. പ്രതികളെ സംരക്ഷിച്ചത് പാർട്ടിയാണ്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. എംവി ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതക കറ മായ്ക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

