Monday, September 21, 2026

നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്! കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം

മാനന്തവാടി: വയനാട്ടില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച കടുവയെ കൊല്ലാൻ ഉത്തരവ്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ഇന്ന് വനവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍. കേളുവിനെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.

പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ ഇക്കാര്യങ്ങളില്‍ തീരുമാനമാകാതെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പിന്നാലെയാണ് വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയത്.

Related Articles

Latest Articles