Saturday, May 4, 2024
spot_img

കേരളാ ഫോക് ലോർ അക്കാദമി ചെയർമാനായി കവി ഒ എസ് ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളാ ഫോക് ലോർ അക്കാദമി ചെയർമാനായി കവിയും പടയണി കലാകാരനും ഗാനരചയിതാവുമായ ഒ എസ് ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ മുണ്ടൻകാവ് ഓതറേത്ത് വീട്ടിൽ ശിവശങ്കരപിള്ള-തങ്കമ്മ ദമ്പതികളുടെ മകനാണ്. മുണ്ടൻകാവ് ഗവ.ജെ.ബി. സ്കൂൾ , കല്ലിശ്ശേരി ഹൈസ്കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് സർവ്വകലാശാലയുടെ വിദൂര പഠനകേന്ദ്രം, ആചാര്യ നരേന്ദ്ര ഭൂഷന്റെ സരസ്വതീവൈദിക ഗുരുകുലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 2010-ൽ “അവൻ” എന്ന ചലച്ചിത്രത്തിന് ഗാനം രചിച്ചുകൊണ്ട് സിനിമാഗാന രചനാരംഗത്തേക്ക് വന്നു. യേശുദാസ്‌, ശങ്കർ മഹാദേവൻ, എം.ജി. ശ്രീകുമാർ, വിജയ്‌ യേശുദാസ്‌, ശ്വേതാമോഹൻ, വിവേകാനന്ദൻ തുടങ്ങിയ പ്രമുഖ ഗായകർ ആലപിച്ച അവനിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.നിരവധി ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2014-ലെ മികച്ച ഗാനരചിയിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി 1995 ൽ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്‌ലോർ അക്കാദമി.ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ ശുദ്ധജല ചിറയായ ചിറക്കലിൽ ചിറയുടെ കരയിലാണ് കേരള ഫോക്ലോർ അക്കാദമി കേന്ദ്രം പ്രവർത്തിക്കുന്നത്.കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഫോക്‌ലോർ മ്യൂസിയം, ലൈബ്രറി, പ്രസിദ്ധീകരണ വിഭാഗം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിരവധി തെയ്യക്കോലങ്ങളുടെ മാതൃകകൾ ഇവിടത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് “കേരള ഫോക്‌ലോർ അക്കാദമി രൂപീകരിക്കപ്പെട്ടത്. 1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ച്ത്. നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയവയാണ് ഈ അക്കാദമിയുടെ പ്രധാന ചുമതലകളിൽ പെടുന്നത്. ഫോക്‌ലോർ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്‌ലോർ എൻസൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.

Related Articles

Latest Articles