Thursday, May 23, 2024
spot_img

നടുറോഡിലെ തർക്കം: മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ഡ്രൈവർ യദു കോടതിയിൽ ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി നൽകി. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് യദു തിരുവനന്തപുരം ജൂഡീഷ്യൽ കോടതിയിൽ ഹർജി സമർപ്പിച്ചത്.

കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് മേയർക്കെതിരായ ഡ്രൈവർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് സച്ചിൻ ദേവിനെതിരായ പരാതി. കോടതി മേൽനോട്ടത്തിലോ നിർദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

അതേസമയം ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു യദുവിന്റെ പരാതി. ആര്യ രാജേന്ദ്രൻ, കെ.എം. സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവരാണ് എതിർ കക്ഷികൾ.

തർക്കത്തിൽ ബസ് കണ്ടക്ടർ സുബിന്‍റെ മൊഴി കഴിഞ്ഞ ദിവസം കന്‍റോൺമെന്‍റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നാണ് കണ്ടക്ടർ സുബിന്റെ മൊഴി. താൻ പിൻസീറ്റിൽ ഇരുന്നതിനാൽ താൻ ഒന്നും കണ്ടിട്ടില്ലെന്നും മേയർ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നുമാണ് സുബിൻ മൊഴി നൽകിയിരിക്കുന്നത്.

Related Articles

Latest Articles