Thursday, April 25, 2024
spot_img

വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; നടന്റെ പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി, വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായുംസൂചന

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്ര വിദേശകാര്യവകുപ്പ്. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വിജയ് ബാബുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇക്കാര്യം ആദ്യമേ മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായുംസൂചനകളുണ്ട്.

പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കുന്നത് വരെ ദുബായില്‍ താമസിക്കാനാണ് വിജയ് ബാബുവിനു നിയമോപദേശം ലഭിച്ചിരുന്നത്. അതേസമയം, വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നതോടെ ദുബായില്‍ താമസിക്കുന്നത് നിയമ വിരുദ്ധമാകും.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാന്‍ കാത്തു നില്‍ക്കാന്‍ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായില്‍ നിന്ന് മാറേണ്ടിവന്നത്. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടി നല്‍കിയ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Related Articles

Latest Articles