രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കാശ്മീരികൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെയും അക്രമങ്ങളെയും അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മളുടെ യുദ്ധവും പ്രതിഷേധവും കാശ്മീരികൾക്കെതിരല്ല, മറിച്ച് കാശ്മീരിന് വേണ്ടിയും ഇന്ത്യയുടെ അഖണ്ഡതക്ക് വേണ്ടിയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ടോക്കിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി.

തീവ്രവാദത്തെ തോൽപ്പിക്കാനാണ് യുദ്ധം. കാശ്മീരികളെ ആക്രമിക്കുകയും അകറ്റുകയും ചെയ്യുന്നത് ഭീകരരെ കൂടുതൽ സഹായിക്കുകയെയുള്ളുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളും പ്രതിഷേധവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തു. കാശ്മീരികളുടെ വികാരം അദ്ദേഹം ഉൾക്കൊണ്ടെന്നും ഒമർ ട്വിറ്ററിൽ കുറിച്ചു.