Tuesday, November 17, 2026

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കും; മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചു; സഹോദരന്റെ വിയോഗത്തിൽ അതിയായ വേദനയെന്ന് യേശുദാസ്

തൃശ്ശൂർ: മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് പ്രമുഖർ അത്യാഞ്ജലി അർപ്പിക്കും. മൃതദേഹം പൂങ്കുന്നത്തെ വസതിയിലെത്തിച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് റീജിയണൽ തീയറ്ററിൽ ആയിരിക്കും പൊതുദർശനം. സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തിൽ നടക്കും.

സഹോദര തുല്യനായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.’ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു’-. യേശുദാസ് പറഞ്ഞു

വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles