Sunday, June 2, 2024
spot_img

അവസാന ഓവര്‍ എറിയാനായി ഷമിയെ വിളിച്ചു ; കാരണം തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നാടകീയ ജയം സ്വന്തമാക്കിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇല്ലാതിരുന്ന ഷമി ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റപ്പോഴാണ് പകരക്കാരനായി 15 അംഗ ടീമിലെത്തിയത്. കൊവിഡ് കാരണം ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കുമെതിരായ ടി20 പരമ്പരകള്‍ നഷ്ടമായ ഷമിയുടെ കായികക്ഷമതയും മത്സരപരിചയവും സംബന്ധിച്ച് സംശയങ്ങള്‍ അപ്പോഴും ബാക്കിയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ കളിച്ചശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഷമി പന്തെറിഞ്ഞിരുന്നില്ല. ലോകകപ്പിന് മുമ്പ് ആവശ്യമായ മത്സരപരിചയം ഇല്ലാതിരുന്ന ഷമിയെ ഇന്ന് ഓസ്ട്രേലിയക്കെതിരായ സന്നാഹത്തില്‍ ആദ്യ ഇലവനില്‍ തന്നെ ഇറക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇന്ത്യയുടെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതുവരെ ഡഗ് ഔട്ടിലിരുന്ന് കളി കണ്ട ഷമിയെ പന്തെറിയാനായി വിളിച്ചു. ഷമിയുടെ അവസാന ഓവറില്‍ ഒരു റണ്ണൗട്ട് അടക്കം നാലു വിക്കറ്റ് നഷ്ടമായ ഓസീസ് ആറ് റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. വിരാട് കോലിയുടെ അസാമാന്യ ഫീല്‍ഡിംഗും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

Related Articles

Latest Articles