Sunday, May 19, 2024
spot_img

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പ! തോട്ടം തൊഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ കാട്ടുകൊമ്പൻ തിരികെ വരുമോയെന്ന ഭീതിയിൽ മറയൂർ നിവാസികൾ; വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്

ഇടുക്കി: മറയൂരില്‍ പടയപ്പയുടെ ശല്യം രൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങാതിരിക്കാന്‍ വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോട്ടം തോഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ഭീതിയിലാണ് ഇപ്പോഴും പാമ്പന്‍മല അടക്കമുള്ള അഞ്ച് ഗ്രാമങ്ങള്‍. അക്രമത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ നന്നാക്കാൻ നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപെട്ടുവെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

ഇടുക്കിയിൽ നാട്ടുകാരെ ദുരിതത്തിലാക്കിയ അരിക്കൊമ്പനെ കാടുകയറ്റിയെങ്കിലും അരിക്കൊമ്പന്‍റെ പാത പിന്തുടര്‍ന്ന് അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പന്‍ പടയപ്പയും. കഴിഞ്ഞ ദിവസം, മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുമാറ്റി തിന്നത്. ജനവാസകേന്ദ്രങ്ങളിലിറങ്ങി വീടുകള്‍ തകര്‍ത്ത് അരിയെടുത്ത് തിന്നുന്ന അരിക്കൊമ്പന്‍റെ പാത പിന്തുടരുകയാണ് മൂന്നാറിലെ കൊമ്പൻ പടയപ്പ. മറയൂര്‍ പാമ്പന്‍ മലയിൽ തോട്ടം തൊഴിലാളികളുടെ താമസിക്കുന്ന ലയങ്ങളുടെ വാതിലുകള്‍ തകർത്താണ് പടയപ്പ വീടിനുള്ളിലെ ചാക്കരിയെടുത്ത് അകത്താക്കിയത്.

ആനയുടെ ശല്യം കൂടിയതോടെ പടയപ്പയെ കാട്ടിലേക്ക് തുരത്താന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. രണ്ടാഴ്ച്ചയായി പടയപ്പ മറയൂരിലാണ്. പാമ്പന്‍മലയിലും ചട്ടമുന്നാറിലുമായി വനാതിര്‍ത്ഥിയില്‍ കഴിയുന്ന പടയപ്പ ഇടയ്ക്ക് ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം വരെ കാര്യമായ നാശനഷ്ടമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ കഥ മാറി. അരിക്കൊമ്പനെ പോലെ പടയപ്പയും വീടുകളില്‍ കയറി അരി തിന്നാല്‍ തുടങ്ങി. അഞ്ച് വീടുകള്‍ക്കാണ് ആനയുടെ ആക്രമണത്തിൽ നാശമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. പടയപ്പ വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ വാച്ചര്‍മാരെ നിയമിച്ചിരിക്കുകയാണ് വനംവകുപ്പ്.

Related Articles

Latest Articles