Wednesday, May 1, 2024
spot_img

ചരിത്രത്തിൽ ആദ്യമായി ശ്രീപദ്മനാഭന് പദ്മതീർത്ഥത്തിൽ ആറാട്ട്; പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശന നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും തികച്ചും ആദ്ധ്യാത്മികമായ അന്തരീക്ഷത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്നലെ പദ്മതീർത്ഥത്തിൽ നടന്നു. ആറാട്ട് കലശം ഇന്ന് നടക്കും.

സാധാരണ ശംഖുമുഖത്തേക്കാണ് ആറാട്ട് ഘാേഷയാത്ര നടത്തുന്നതെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ വലിയ പരിപാടി ഒഴിവാക്കുകയും പദ്മതീർത്ഥത്തിൽ ആറാട്ട് നടത്തുകയുമായിരുന്നു.ആറാട്ടിനായി ഇന്നലെ വൈകിട്ട് വിഗ്രഹങ്ങൾ ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേനട നാടകശാല മുഖപ്പ് വഴി പദ്മതീർത്ഥക്കരയിലേക്ക് എഴുന്നള്ളിച്ചു.

അമ്പതോളം പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ വാദ്യഘോഷങ്ങളെയോടെയാണ് ശ്രീപദ്മനാഭൻ, നരസിംഹ മൂർത്തി,ശ്രീകൃഷ്ണ വിഗ്രഹങ്ങൾ നമ്പിമാർ തലയിലെഴുന്നള്ളിച്ചത്. പദ്മതീർത്ഥത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തുള്ള മണ്ഡപത്തിലെ 20 മിനുട്ട് നീണ്ട പൂജയ്ക്ക് ശേഷമാണ് മൂന്ന് വിഗ്രഹങ്ങളും പദ്മതീർത്ഥത്തിൽ നിമജ്ജനം ചെയ്തത്. തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ആറാട്ടുപൂജ നടന്നത്.

ക്ഷേത്രം തന്ത്രി, എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, മാനേജർ ശ്രീകുമാർ,സ്ഥാനി രാമവർമ്മ, രാജകുടുബാംഗങ്ങളായ ആദിത്യ വർമ്മ, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി,പൂയ്യം തിരുനാൾ ഗൗരിപാർവതി ബായി തുടങ്ങിയവരും പങ്കെടുത്തു.ആറാട്ടുകഴിഞ്ഞ് കിഴക്കേ നടവഴി വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിച്ചു. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം തൃക്കൊടിയിറക്കി. തുടർന്ന് അകത്തെഴുന്നള്ളിച്ച് പൂജകൾ നടത്തി.

Related Articles

Latest Articles