Thursday, January 8, 2026

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച് കടന്നു. പൂഞ്ചിലെ ഖാദി കർമാഡ മേഖലയിലാണ് സംഭവം. അഞ്ച് മിനിറ്റിലധികം ഇന്ത്യൻ വ്യോമാതിർത്തിയിൽ തങ്ങിയ ഡ്രോൺ, സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ തിരികെ പാകിസ്ഥാൻ ഭാഗത്തേക്ക് പറന്നുപോയി. ഡ്രോൺ ഉപേക്ഷിച്ച പാക്കേജിൽ ഐ.ഇ.ഡിഉൾപ്പെടെയുള്ള മാരക സ്ഫോടകവസ്തുക്കളും വെടിയുണ്ടകളും മയക്കുമരുന്നുമാണ് ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ അതിർത്തി മേഖലയിൽ സുരക്ഷാസേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജമ്മു മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രകോപനം ഉണ്ടായത്. ഡ്രോൺ വഴി അയച്ച സാധനങ്ങളുടെ ദൃശ്യങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും ഇവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും സൈന്യം അറിയിച്ചു. അതിർത്തിയിലെ ഖാദി കർമാഡ മേഖലയും സമീപ പ്രദേശങ്ങളും പൂർണ്ണമായും വളഞ്ഞ സൈന്യവും ജമ്മു കശ്മീർ പോലീസും മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഡ്രോൺ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങൾ വഴി രാജ്യത്തേക്ക് വലിയ തോതിലുള്ള അക്രമങ്ങൾ ലക്ഷ്യമിടുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

ഇതോടൊപ്പം തന്നെ പൂഞ്ച്, കിഷ്ത്വാർ ജില്ലകളിലെ വനമേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ ഭീകരവിരുദ്ധ പോരാട്ടവും സേന തുടരുകയാണ്. ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ രണ്ട് സംഘങ്ങൾ ദോദ-കിഷ്ത്വാർ മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന കൃത്യമായ രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് കേഷ്വാൻ-ചാത്രൂ താഴ്വരയിൽ സൈന്യം കടുത്ത പരിശോധന നടത്തുന്നുണ്ട്. ഭീകരരെ കണ്ടെത്താനായി ഡ്രോണുകളും സ്നിഫർ ഡോഗുകളെയും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. പൂഞ്ചിലെ ഖനേതർ ടോപ്പ് മേഖലയിൽ സൈന്യത്തിന്റെ റോമിയോ ഫോഴ്സും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ സാധ്യതകൾ തടയാൻ സജീവമാണ്.

അതിർത്തി ഗ്രാമങ്ങളിലും പർവ്വത മേഖലകളിലും തിരച്ചിൽ തുടരുമ്പോൾ തന്നെ പത്താൻകോട്ട്-ജമ്മു-ശ്രീനഗർ ദേശീയ പാതയിലും സുരക്ഷാ പരിശോധന കർശനമാക്കി. കത്വ, സാംബ, ഉധംപൂർ തുടങ്ങിയ ജില്ലകളിൽ വാഹനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പുതുവത്സര വേളയിൽ രാജ്യത്ത് അശാന്തി പടർത്താനുള്ള ഭീകരരുടെ ഏതൊരു നീക്കത്തെയും പ്രതിരോധിക്കാൻ സുരക്ഷാസേന പൂർണ്ണ സജ്ജമാണെന്നും അതിർത്തിയിൽ നിരീക്ഷണം ഇരട്ടിയാക്കിയിട്ടുണ്ടെന്നും പ്രതിരോധ വക്താക്കൾ അറിയിച്ചു.

Related Articles

Latest Articles