ന്യൂയോർക്ക്: കശ്മീർ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം അവസാനിച്ചു. യോഗത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ചൈന ഒഴികെ മറ്റ് സ്ഥിരാംഗങ്ങൾ ഇന്ത്യയെ പിന്തുണച്ച് നിലപാടെടുത്തു. വിഷയത്തിൽ രക്ഷാസമിതിയുടെ ഇടപെടൽ ആവശ്യമില്ലെന്നാണ് തീരുമാനം. 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.
കശ്മീർ വിഷയം ആഭ്യന്തരപ്രശ്നമെന്നാണ് യോഗത്തിന്റെ പൊതുവിലയിരുത്തൽ.
വിഷയത്തിൽ ഔദ്യോഗിക വാർത്താക്കുറിപ്പോനിലപാട് വ്യക്തമാക്കലോ രക്ഷാസമിതിയുടേതായി ഉണ്ടാവില്ല. പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്ക,ബ്രിട്ടൺ,ഫ്രാൻസ് എന്നീ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചുവെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം കശ്മീരിലെ സാഹചര്യം അപകടകരമെന്ന് യോഗത്തിൽ ചൈന നിലപാടെടുത്തു.
യുഎൻ ചാർട്ടർ അനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് മുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡൊണാൾഡ് ട്രംപിനോട് ഫോണിലൂടെ പിന്തുണ തേടിയിരുന്നു. സംഭാഷണം 20 മിനുട്ട് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ആദ്യമായാമ് കശ്മീർ വിഷയം യുഎൻ രക്ഷാസമിതി ചർച്ച ചെയ്യുന്നത്.

