ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ സാങ്കേതിക തകരാറുകൾ കാരണം പാകിസ്ഥാനിലേക്ക് വിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ തിരിച്ചടിച്ചതായും വിക്ഷേപണം പാളി മിസൈൽ പാകിസ്ഥാനിൽ തന്നെ പതിച്ചതായും റിപ്പോർട്ടുകൾ. ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ പതിച്ചയുടൻ പാകിസ്ഥാനും മിസൈൽ ആക്രമണം നടത്തിയതായും 550 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ സിസ്റ്റത്തിൽ സഞ്ചരിക്കേണ്ട ദൂരപരിധി 550 മീറ്റർ എന്ന് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് ആക്രമണം പാളിയതായും ദി ഫോക്സി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യൻ മിസൈൽ പതിച്ചയുടൻ പാകിസ്ഥാൻ പ്രത്യാക്രമണത്തിനു തയ്യാറായതായും വിദഗ്ധോപദേശത്തിനെ തുടർന്ന് ആക്രമണ പദ്ധതി പാകിസ്ഥാൻ ഉപേക്ഷിച്ചതായി ബ്ലൂംബർഗ്ഗും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 9 നാണ് പാകിസ്ഥാൻ അതിർത്തിക്കുള്ളിലേക്ക് 124 കിലോമീറ്റർ ദൂരം ഇന്ത്യൻ മിസൈൽ സഞ്ചരിച്ചതായി പാകിസ്ഥാൻ അറിയിച്ചത്. സാങ്കേതിക പിഴവ് കാരണം അബദ്ധത്തിൽ സംഭവിച്ച വിക്ഷേപണമാണെന്നും പോർമുനയില്ലാത്ത മിസൈൽ ആയതിനാൽ ആൾനാശം സംഭവിക്കാത്തതിൽ ആശ്വാസമുണ്ടെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ പാർലമെന്റിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ് സംഭവത്തെക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നു. ഉന്നതതല അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാകിസ്ഥാന്റെ മിസൈൽ പ്രത്യാക്രമണത്തെ കുറിച്ച് ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല.

