Saturday, May 11, 2024
spot_img

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്ഥാൻ; റിപ്പോർട്ടുകൾ തള്ളിപാക് സർക്കാർ

ഇസ്ലാമാബാദ്: റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധ വിൽപ്പന നടത്തി പാകിസ്ഥാൻ. 364 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. റാവൽപിണ്ടിയിലെ പാകിസ്ഥാൻ എയർഫോഴ്‌സ് ബേസ് നൂർ ഖാനിൽ നിന്ന് ബ്രിട്ടണിലേക്കും അവിടെ നിന്ന് റൊമാനിയയിലേക്കും എത്തിച്ച ശേഷം ആയുധങ്ങൾ യുക്രെയ്‌ന് കൈമാറിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2022 ഓഗസ്റ്റ് 17ന് യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്നതിനായുള്ള കരാറിൽ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 155 എംഎം ഷെല്ലുകൾ വാങ്ങുന്നതിനായി മറ്റൊരു കരാർ ഉണ്ടാക്കിയെന്നും ഇതിൽ പറയുന്നു. എന്നാൽ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറിയെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ തള്ളിയിട്ടുണ്ട്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ പാകിസ്ഥാൻ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും, ഈ സാഹചര്യത്തിൽ ഇവരിലൊരു രാജ്യത്തിന് ആയുധങ്ങളോ വെടിക്കോപ്പുകളോ വിറ്റുവെന്ന വാർത്ത പൂർണമായും തെറ്റാണെന്നുമാണ് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ ഭരണകാലത്താണ് ഈ കരാറുകളിൽ ഒപ്പുവച്ചത്. ബ്രിട്ടന്റെ മിലിറ്ററി കാർഗോയിലാണ് ഈ ആയുധങ്ങൾ റൊമാനിയയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനായി അഞ്ച് തവണയാണ് ബ്രിട്ടന്റെ വിമാനം പാകിസ്ഥാൻ എയർബേസിൽ ഇറങ്ങിയത്. കരാറിൽ ഒപ്പിട്ട 2022 ഓഗസ്റ്റിൽ തന്നെയാണ് ആദ്യത്തെ വിമാനം റാവൽപിണ്ടിയിൽ എത്തുന്നത്. യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണ് ആയുധ കൈമാറ്റവും നടന്നിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം പാകിസ്ഥാന്റെ ആയുധ കയറ്റുമതിയിൽ 3000 മടങ്ങ് വർദ്ധന ഉണ്ടായെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നതെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Related Articles

Latest Articles