ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ക്ക് ജയ്ഷെ മുഹമ്മദിനെ തന്റെ ഭരണകാലത്ത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിച്ചിരുന്നതായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ഹം ന്യൂസിലെ ടോക്ക് ഷോയ്ക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മുഷറഫ് ഇങ്ങനെ പറഞ്ഞത്.

ജെയ്ഷിനെതിരേയുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 2003 ഡിസംബറില്‍ തന്നെ രണ്ടു തവണ ജെയ്ഷെ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. അവര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തെന്ന ചോദ്യത്തിന് ആ സമയം ‘വ്യത്യസ്ത’മായിരുന്നുവെന്ന് അദ്ദേഹം മറുപടി നല്‍കി. തനിക്കെതിരേ വധ ശ്രമമുള്‍പ്പെടെ നടത്തിയെങ്കിലും അവര്‍ക്കെതിരെ കടുത്ത നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുഷാറഫ് വ്യക്തമാക്കി.