അന്തർദേശീയ വനിതാദിനമായ ഇന്ന്‌ സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും വനിതാപോലീസ് ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കും. എസ്.ഐ. റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകൾ ആയിരിക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല നിർവഹിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

പോലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവർത്തനങ്ങളും വനിതാ പോലീസ് ഉദ്യോഗസ്ഥർ നിർവഹിക്കും. ഒന്നിലധികം വനിതാ എസ്.ഐ. മാർ ഉള്ള സ്റ്റേഷനുകളിൽനിന്ന് അധികം ഉള്ളവർക്ക് സമീപ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല നൽകും.

വനിതാ പോലീസ് ഓഫീസർമാർ ഇല്ലാത്ത സ്റ്റേഷനുകളിൽ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയും പൊതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ലാ പോലീസ് മേധാവിമാർ നിയോഗിച്ചിട്ടുണ്ട് .