Tuesday, May 14, 2024
spot_img

25,000 കോടിയുടെ മയക്കുമരുന്നിന്റെ ഉറവിടം പാകിസ്ഥാൻ തന്നെ;പ്രതി സുബൈര്‍ പാക് പൗരൻ; എന്‍.സി.ബി. റിപ്പോർട്ട്

കൊച്ചി: എന്‍.സി.ബിയും നേവിയും സമുദ്ര ഗുപ്ത എന്ന പേരിൽ സംയുക്തമായി നടത്തിയ ഓപറേഷനിലൂടെ കൊച്ചി തീരത്ത് നിന്ന് പിടികൂടിയ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് സ്ഥിരീകരിച്ച് എന്‍.സി.ബി റിപ്പോര്‍ട്ട്. ചാര നിറത്തിലുള്ള പേരില്ലാത്ത കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.

സംഭവത്തിൽ എന്‍.സി.ബിയുടെ പിടിയിലായ സുബൈര്‍ പാക് പൗരനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ സ്വദേശിയാണ് താനെന്നായിരുന്നു ഇയാളുടെ മൊഴി. ഇയാള്‍ ഇറാനിലെ വിലാസമാണ് നൽകിയതും. എന്നാല്‍, പ്രതി പാക് പൗരനാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍.സി.ബി വ്യക്തമാക്കുന്നു.

അതെ സമയം പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിന്‍ നല്‍കിയതെന്നും ഇവ കൃത്യമായി എത്തിച്ച് നല്‍കിയാല്‍ വലിയ തുക പ്രതിഫലം നല്‍കുമെന്ന് സംഘം വാഗ്ദാനം നല്‍കിയതായും സുബൈര്‍ മൊഴി നല്‍കി.

എന്‍.സി.ബി.യും നാവികേസനയും പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പലും ലഹരിമരുന്നും വീണ്ടെടുക്കാനാകാത്ത വിധം കടലില്‍ മുക്കാനായിരുന്നു കടത്തുകാരുടെ ശ്രമം. മാഫിയസംഘത്തില്‍പ്പെട്ടവര്‍ സ്പീഡ് ബോട്ടുകളില്‍ രക്ഷപ്പെട്ടു. ഇത്തരത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ബോട്ട് പിന്തുടര്‍ന്നാണ് സുബൈറിനെ പിടികൂടിയത്. മുങ്ങിത്താഴാൻ ആരംഭിച്ച കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലീം ഗ്രൂപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി 132 ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാൽദീവ്‌ തുടങ്ങിയ രാജ്യങ്ങളിലെ ഏജന്റുമാർക്ക് നൽകാൻ എത്തിച്ചതാണെന്നാണ് എന്‍.സി.ബി. പറയുന്നത്.

Related Articles

Latest Articles